കറന്തക്കാട് ഭാഗത്ത് നടപ്പാതയിലും വാഹനങ്ങൾ വഴിയാത്രക്കാർക്ക് പെരുവഴി

(www.kl14onlinenews.com)
(July -22-2023)

കറന്തക്കാട് ഭാഗത്ത് നടപ്പാതയിലും വാഹനങ്ങൾ വഴിയാത്രക്കാർക്ക് പെരുവഴി

കാസർകോട് : റോഡിലെ കുഴിയിൽ തുടങ്ങിയ പ്രശ്നങ്ങളുടെ കഥ പറഞ്ഞ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്ക് ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങൾ കിട്ടിയ ദിനമായിരുന്നു ഇന്നലെ. കാസർകോട് നഗരത്തിലെ കുഴികളുടെ കഥ പറയണമെങ്കിൽ ഒരു സിനിമയ്ക്കു പകരം വർഷങ്ങൾ നീളുന്ന സീരിയൽ വേണ്ടി വരുന്ന സ്ഥിതിയാണ്. ദേശീയപാതയോരത്തു കാസർകോട് നഗരത്തിനു സമീപം കാൽനടയാത്രക്കാർ സഞ്ചരിക്കേണ്ടത് ജീവൻ കയ്യിലെടുത്താണ്. കാസർകോട് നഗരത്തിൽ കറന്തക്കാട് ഭാഗത്തു കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതാണവസ്ഥ. മംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മിക്കവയും ഡ്രെയ്നേജിനു മുകളിലെ സ്ലാബിലൂടെയാണ് കടന്നു പോകുന്നത്.

വളരെ ഇടുങ്ങിയ ഒരു വലിയ വാഹനത്തിനു മാത്രം പോകാവുന്ന വീതിയുള്ള സ്ഥലത്തു കൂടിയാണ് 100 മീറ്ററിലേറെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഈ ഭാഗത്തു ഗതാഗതക്കുരുക്കും രൂക്ഷമാണ്. കാസർകോട് ടൗൺ ഭാഗത്തേക്കുള്ള യാത്രയും കഷ്ടമാണ്. കറന്തക്കാടിനു സമീപം ഇടുങ്ങിയ ഭാഗത്തു നിന്നു തിരിഞ്ഞാണു മധൂർ ഭാഗത്തേക്കും പോകുന്നത്. ഇവിടെ മുതൽ ടാറിങ് തകർന്ന അവസ്ഥയിലാണ്. നല്ല രീതിയിൽ ആളുകളെത്തിയിരുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ ഇപ്പോൾ പാർക്കിങ് സ്ഥലമില്ല. പാർക്കിങ്ങിനായി ക്രമീകരണങ്ങളൊരുക്കിയെങ്കിലും ഒരാൾക്കു നടന്നു പോകാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമാണു നിലവിലുള്ളത്.

താൽക്കാലികമായി നടത്തിയ ടാറിങ് ഒരു മഴയ്ക്കു തന്നെ ഇളകി പോയതിനാൽ തകർന്ന അവസ്ഥയിലാണ്. ദേശീയപാതയിലെ സർവീസ് റോഡുകളിലെ കുഴികൾ നികത്താൻ ദേശീയപാത അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തര ഇടപെടൽ നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ആവശ്യപ്പെട്ടു. പലയിടങ്ങളിലും സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞു വെള്ളം കെട്ടിക്കിടക്കുന്നതു കാരണം അപകടങ്ങൾ പതിവായിരിക്കുകയാണ്. കുഴികൾ നികത്തി സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post