ഏക സിവിൽ കോഡ് സിപിഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല

(www.kl14onlinenews.com)
(July -09-2023)

ഏക സിവിൽ കോഡ് സിപിഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല
ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ഞായറാഴ്ച രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം. സമസ്ത പങ്കെടുക്കുന്നത് സമസ്തയുടെ തീരുമാനമായാണ് ലീഗ് കരുതുന്നത്. സമസ്തയ്ക്ക് സ്വന്തമായി തീരുമാനം എടുക്കുന്നത് തടയാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ അഭിപ്രായം വന്നത്. ലീഗിനെയും യുഡിഎഫിനെയും ഭിന്നിപ്പിക്കാനുള്ള സിപിഎം ശ്രമമെന്ന മട്ടിലാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ ക്ഷണം വിലയിരുത്തിയത്. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ.

സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന അഭിപ്രായത്തില്‍ ഒരു വിഭാഗം ഉറച്ച് നിന്നു. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം.

ഇതേ സമയം ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്നു വ്യക്തമാക്കി സമസ്ത രംഗത്തെത്തി. സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. ലീഗിന് എതിര്‍പ്പുണ്ടെങ്കിലും സമസ്ത തങ്ങളുടെ നിലപാടുമായി മുന്നോട്ടു പോവുകയാണ്.

Post a Comment

Previous Post Next Post