(www.kl14onlinenews.com)
(July -26-2023)
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹരജിയിൽ ഉടൻ വാദം കേൾക്കണമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ആവശ്യം അംഗീകരിച്ച കോടതി ഹരജിയിൽ വ്യാഴാഴ്ച വാദം കേൾക്കുമെന്നറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഭീകരർക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിന് ഫിനാൻഷ്യൽ ടാസ്ക് ആക്ഷൻ ഫോഴ്സിന്റെ അവലോകന യോഗം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണിത്. 10 വർഷത്തിലൊരിക്കൽ നടക്കുന്ന യോഗത്തിൽ ഇതുവരെയുള്ള നടപടികൾ അവലോകനം ചെയ്യാൻ മിശ്രയുടെ സേവനം അനിവാര്യമാണെന്നാണ് കേന്ദ്രപക്ഷം.
ഈ മാസം പതിനൊന്നിനാണ് മിശ്രക്ക് ചട്ടവിരുദ്ധമായി നൽകിയ കാലാവധി നീട്ടി നൽകൽ ജസ്‌റ്റിസ് ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. 31നകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിന് പകരം മിശ്രക്ക് വീണ്ടും കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സുഗമമായ അധികാരക്കൈമാറ്റത്തിന് സാവകാശം അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു 31വരെ സമയം നൽകിയത്. കോടതി ഉത്തരവ് മറികടന്ന് മിശ്രക്ക് കാലാവധി നീട്ടിനൽകിയത് അംഗീകരിക്കാനാകില്ലെന്ന് ജസ്‌റ്റിസുമാരായ വിക്രം നാഥ്, സഞ്‌ജയ് കരോൾ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് ഉത്തരവിൽ വിമർശിച്ചിരുന്നു. മോദി സർക്കാരിന്റെ വിശ്വസ്തനാണ് സഞ്ജയ് കുമാർ മിശ്ര.
2018 നവംബറിൽ രണ്ടുവർഷത്തേക്കാണ് മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്. 2020 മേയിൽ കാലാവധി പൂർത്തിയായി. 2020 നവംബറിൽ അദ്ദേഹത്തിന് വിരമിക്കൽ പ്രായമായി. തുടർന്ന് ആദ്യ നിയമന ഉത്തരവിലെ രണ്ടുവർഷ സേവന കാലയളവ് മൂന്ന് വർഷമാക്കി ഭേദഗതി വരുത്തി.
2021 സെപ്‌തംബറിൽ ഉത്തരവിൽ വരുത്തിയ മാറ്റം കോടതി അംഗീകരിച്ചിരുന്നു. വീണ്ടും കാലാവധി നീട്ടികൊടുക്കരുതെന്നും ഉത്തരവിട്ടിരുന്നു. പിന്നാലെ, കേന്ദ്രം കേന്ദ്ര വിജിലൻസ് ആക്ട്നി ഭേദഗതി ചെയ്ത് ഇ.ഡി ഡയറക്ടറുടെ കാലാവധി പരമാവധി അഞ്ചുവർഷമാക്കി. നിയമഭേദഗതി മറയാക്കി 2021 നവംബറിലും 2022 നവംബറിലും മിശ്രക്ക് ഒരോ വർഷം വീതം കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതാണ് കോടതി റദ്ദാക്കിയത്. 1984 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മിശ്ര.
Post a Comment