(www.kl14onlinenews.com)
(Jun-10-2023)
ഓവൽ :(ലണ്ടൻ )
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 164-3 എന്ന നിലയിലാണ്. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (20) എന്നിവരാണ് ക്രീസില്‍. ജയിക്കാന്‍ 280 റണ്‍സാണ് ഇന്ത്യക്ക് ഇനി ആവശ്യം.
444 എന്ന പടുകൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അതിവേഗത്തുടക്കമായിരുന്നു ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. സ്കോര്‍ 7.1 ഓവറില്‍ 41 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്ലിന്റെ പുറത്താകല്‍. ബോളണ്ടിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന്റെ ക്യാച്ച്. 18 റണ്‍സായിരുന്നു യുവതാരം നേടിയത്.
ഗില്ലിന്റെ മടക്കത്തിലും രോഹിത് തളര്‍ന്നില്ല. പൂജാരയെ കൂട്ടുപിടിച്ച് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. 444 എന്ന ലക്ഷ്യം മറികടക്കാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നു രോഹിത് ബാറ്റ് ചെയ്തത്. ക്ലാസിക് ഷോട്ടുകള്‍ക്കൊണ്ട് ഓവലില്‍ രോഹിത് ബാറ്റിങ് വിരുന്നൊരുക്കി. എന്നാല്‍ നാഥാന്‍ ലിയോണിന്റെ പന്തില്‍ സ്വീപ്പ് ഷോട്ടിന് ശ്രമിച്ച രോഹിതിന് പിഴച്ചു.
60 പന്തില്‍ ഏഴ് ഫോറും ഒരു സിക്സുമടക്കം 43 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍ നേടിയത്. രോഹിതിന്റെ പുറത്താകലിന് പിന്നാലെ കമ്മിന്‍സിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പൂജാരയും പുറത്തായി. 27 റണ്‍സാണ് പൂജാര നേടിയത്. പിന്നീട് ഓവല്‍ വിരാട് കോഹ്ലി – അജിങ്ക്യ രഹാനെ കൂട്ടുകെട്ടിനാണ് സാക്ഷ്യം വഹിച്ചത്.
നാലാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 71 റണ്‍സാണ് ചേര്‍ത്തത്. കോഹ്ലിയും രഹാനെ പോസിറ്റീവ് സമീപനം സ്വീകരിക്കുന്നതുകൊണ്ട് തന്നെ ഇന്ത്യയുടെ സാധ്യതകള്‍ നിലനില്‍ക്കുന്നു. നാളെത്തെ ആദ്യ സെഷനായിരിക്കും ഏറെ നിര്‍ണായകം. നേരത്തെ 173 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 270-8 എന്ന നിലയിലാണ് ഡിക്ലയര്‍ ചെയ്തത്.
സെഷന്‍ ഒന്ന്: ഓസ്ട്രേലിയന്‍ പ്രതിരോധം
നാലാം ദിനം ആദ്യ സെഷന്‍ കൂടുതല്‍ അപകടങ്ങളില്ലാതെ അതിജീവിക്കുക എന്ന ലക്ഷ്യം ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിലെ തന്നെ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ മാര്‍നസ് ലെബുഷെയിനെ (41) പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചു. പിന്നീടെത്തിയ അലക്സ് ക്യാരിയെ കൂട്ടുപിടിച്ച് കാമറൂണ്‍ ഗ്രീന്‍ പ്രതിരോധക്കോട്ട തീര്‍ക്കുകയായിരുന്നു.
ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റിനായി ആക്രമിച്ചെങ്കിലും ക്യാരിയും ഗ്രീനും പ്രതിരോധിച്ച് നിലകൊണ്ടു. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ സ്പിന്‍ മാന്ത്രികത മനസിലാക്കാനാകാത്ത ഗ്രീനിന്റെ കുറ്റി തെറിച്ചു. 25 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ജഡേജയുടെ മൂന്നാം വിക്കറ്റായി ഗ്രീന്‍. വിക്കറ്റ് വീണതോടെ ക്യാരി ആക്രമിച്ച് കളിക്കാനും ആരംഭിച്ചു.
ക്യാരിക്കൊപ്പം സ്റ്റാര്‍ക്കും ചേര്‍ന്നതോടെ സ്കോറിങ്ങിന് വേഗം കൂടി. ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 374 റണ്‍സാണ് ഓസ്ട്രേലിയയുടെ ലീഡ്. രണ്ടാം സെഷനില്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുക എന്ന തന്ത്രമാകും ഓസ്ട്രേലിയ സ്വീകരിക്കുക. പരമാവധി ലീഡ് ഉയര്‍ത്തിയ ശേഷമായിരിക്കും ഇന്ത്യയെ ഓസ്ട്രേലിയ കളത്തിലേക്ക് വിടുക.
രണ്ടാം സെഷന്‍: കൂറ്റന്‍ ലീഡിലേക്ക് ഓസ്ട്രേലിയ
201-6 എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ഓസ്ട്രേലിയ തുടക്കം മുതല്‍ കൂറ്റന്‍ ലീഡ് ലക്ഷ്യമിട്ടായിരുന്നു ബാറ്റിങ്. ഇന്ത്യന്‍ പേസ് നിരയെ അനായാസം ക്യാരിയും സ്റ്റാര്‍ക്കും നേരിട്ടു. ഏഴാം വിക്കറ്റില്‍ 120 പന്തില്‍ 93 റണ്‍സാണ് ഇരുവരും കണ്ടെത്തിയത്. 57 പന്തില്‍ 41 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ പുറത്താക്കി ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ നായകന്‍ പാറ്റ് കമ്മിന്‍സാണെത്തിയത്. അഞ്ച് റണ്‍സെടുത്ത കമ്മിന്‍സിനേയും ഷമി മടക്കിയതോടെ സ്കോര്‍ 270-ല്‍ ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്ക് 444 റണ്‍സ് വിജയലക്ഷ്യവും. 66 റണ്‍സെടത്ത് ക്യാരി പുറത്താകാതെ നിന്നു. 403 റണ്‍സിന് മുകളില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റില്‍ പിന്തുടര്‍ന്ന് ജയിച്ചിട്ടില്ല.
കളി ഇതുവരെ
ഓസ്ട്രേലിയ: 469-10 (ഒന്നാം ഇന്നിങ്സ്)
ട്രാവിസ് ഹെഡ് (163), സ്റ്റീവ്‍ സ്മിത്ത് (121) എന്നിവരുടെ കരുത്തിലാണ് ടോസ് നഷ്ടമായിട്ടും ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 285 റണ്‍സായിരുന്നു ചേര്‍ത്തത്. ഇതോടെ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങുകയും ചെയ്തു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ബോളിങ്ങില്‍ മികവ് പുലര്‍ത്തിയത്.
ഇന്ത്യ: 296-10 (ഒന്നാം ഇന്നിങ്സ്)
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര എന്നിവരടങ്ങിയ മുന്‍നിരയെ തകര്‍ത്തായിരുന്നു ഓസ്ട്രേലിയ ആധിപത്യം തുടര്‍ന്നത്. അജിങ്ക്യ രഹാനെ (89), ശാര്‍ദൂല്‍ താക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരുടെ പ്രകടനമാണ് ഫോളോ ഓണില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തു.
ഓസ്ട്രേലിയ: 123-4 (രണ്ടാം ഇന്നിങ്സ്)
173 റണ്‍സിന്റെ കൂറ്റന്‍ ലീഡിന്റെ ബലത്തിലിറങ്ങിയ ഓസ്ട്രേലിയക്ക് ഇതുവരെ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 450 റണ്‍സിന് മുകളില്‍ ലീഡ് കണ്ടെത്തുക എന്ന ലക്ഷ്യമായിരിക്കും ഓസ്ട്രേലിയക്ക്. മാര്‍നസ് ലെബുഷെയിന്‍ (41), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
Post a Comment