CBI ക്ക് പൂട്ടിട്ട് തമിഴ്നാടും; അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാക്കിയ പത്താം സംസ്ഥാനം

(www.kl14onlinenews.com)
(Jun-15-2023)

CBI ക്ക് പൂട്ടിട്ട് തമിഴ്നാടും; അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാക്കിയ പത്താം സംസ്ഥാനം

സിബിഐയ്ക്കുള്ള (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) പൊതുസമ്മതം തമിഴ്നാട് പിൻവലിച്ചു. ഇനി മുതൽ തമിഴ്നാട്ടിൽ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സിബിഐയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി തേടണം. ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെ ആണ് തമിഴ്നാടിന്റെ പുതിയ തീരുമാനം. ഇതോടെ സിബിഐയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയോടു കൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം 10 ആയി.

നേരത്തെ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. എന്നാൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാരിനെ താഴെയിറക്കി ബിജെപി വീണ്ടും അധികാരത്തിൽ വന്നതോടെ മഹാരാഷ്ട്ര ഈ തീരുമാനം വീണ്ടും മാറ്റി.

അതേസമയം സിബിഐ ഒരു കേന്ദ്ര ഏജൻസി ആണെങ്കിലും അതിനെ നിയന്ത്രിക്കുന്നത് ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (ഡിപിഎസ്ഇഎ) ആണ്. ഇതിലൂടെ അന്വേഷണ ഏജൻസിയെ ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗമായാണ് കാണുന്നത്. അതിനാൽ ഏജൻസിയുടെ യഥാർത്ഥ അധികാരപരിധി ഡൽഹിയിൽ മാത്രമായി പരിമിതപ്പെടുന്നു.

അതുകൊണ്ട് ഡൽഹിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങൾ അന്വേഷിക്കാൻ സിബിഐയ്ക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ, സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും സർക്കാറിന്റെ അനുമതിയില്ലാതെ തന്നെ ഏത് സംസ്ഥാനത്തും സിബിഐ അന്വേഷണത്തിന് ഉത്തരവിടാം. കൂടാതെ ഇനി മുതൽ സംസ്ഥാനത്ത് പുതിയ ഏത് കേസും അന്വേഷിക്കാൻ സിബിഐക്ക് തമിഴ്നാട് സർക്കാരിന്റെ അനുമതി ആവശ്യമാണെങ്കിലും പഴയതും കെട്ടിക്കിടക്കുന്നതുമായ നിലവിലെ കേസുകളിൽ ഉള്ള അന്വേഷണം സിബിഐക്ക് തുടരാവുന്നതാണ്.

തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് തമിഴ്നാടിന്റെ പുതിയ തീരുമാനം. ഭരണകക്ഷിയായ ബിജെപി എതിർ പാർട്ടി നേതാക്കളെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് വൈദ്യുതി മന്ത്രി വി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് തമിഴ്നാട് സെക്രട്ടേറിയറ്റിനുള്ളിലും മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം ആറു ഇടങ്ങളിൽ ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.ഇതിന് പുറമെ, മന്ത്രിയുടെ സഹോദരന്റെയും അടുത്ത സഹായിയുടെയും ഓഫീസുകളിലും റെയ്ഡ് നടത്തി. മന്ത്രിയെ അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ ഓഫീസിൽ 18 മണിക്കൂറോളം ചോദ്യം ചെയ്യുകയുമുണ്ടായി. മന്ത്രിയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡി എം കെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

Post a Comment

Previous Post Next Post