മിഴി തുറന്ന് 629 എ.ഐ ക്യാമറകള്‍; പിഴയീടാക്കിത്തുടങ്ങി

(www.kl14onlinenews.com)
(Jun-05-2023)

മിഴി തുറന്ന് 629 എ.ഐ ക്യാമറകള്‍; പിഴയീടാക്കിത്തുടങ്ങി

തിരുവനന്തപുരം :
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കിത്തുടങ്ങി. 629 ക്യാമറകളാണ് സംസ്ഥാനത്തൊട്ടാകെ സജ്ജമാക്കിയിരിക്കുന്നത്. 14 കണ്‍ട്രോള്‍ റൂമുകളിലായി 130 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്യുക, ഇരുചക്ര വാഹനത്തില്‍ രണ്ടിലേറെ ആളുകള്‍ യാത്ര ചെയ്യുക, അമിതവേഗം, ഡ്രൈവിങിനിടെ ഫോണ്‍വിളി എന്നിങ്ങനെ ഏഴുതരം നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ശരാശരി രണ്ട് ലക്ഷത്തോളം നിയമലംഘനം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ദിവസവും ഇരുപത്തയ്യായിരത്തോളം പേര്‍ക്കായിരിക്കും പിഴ നോട്ടീസ് അയക്കുക. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിയെ കൊണ്ടുപോയാല്‍ പിഴ ഈടാക്കേണ്ടെന്നും കേരളം തീരുമാനിച്ചിട്ടുണ്ട്.

നിയമലംഘനത്തിന് ഇനി ‘വലിയ’ വില!

കാസർകോട് : വാഹനം ഓടിക്കുന്നവരെ ശ്രദ്ധിക്കുക, ഗതാഗതം നിയമം ലംഘിച്ചാ‍ൽ ഇന്നുമുതൽ നിങ്ങൾ വലിയ വില നൽകേണ്ടി വരും. റോഡ് ക്യാമറകൾ ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങി.ജില്ലയിൽ ദേശീയപാത ഒഴികെയുള്ള സംസ്ഥാന–സംസ്ഥാനാന്തര പാതകളിൽ 40 ക്യാമറകളും പാർക്കിങ് നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി 3 ക്യാമറകളുമാണു സ്ഥാപിച്ചത്. ആദ്യ ഘട്ടത്തിൽ 47 ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും രണ്ടെണ്ണം വാഹനമിടിച്ച് തകരുകയും രണ്ടെണ്ണം ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ മാറ്റിയതിനാലും നിലവിൽ 43 എണ്ണം മാത്രമാണുള്ളത്.

നിയമ ലംഘനം ക്യാമറകളിൽ പതിയുന്നതിനു പുറമേ ഇതു സ്ഥാപിക്കാത്ത പാതകളിൽ നിയമ ലംഘനം കണ്ടെത്തുന്നവരെ പിടികൂടാനായി പൊലീസും മോട്ടർ വാഹന വകുപ്പും ഇന്നു മുതൽ പരിശോധന ശക്തമാക്കുമെന്നു അധികൃതർ അറിയിച്ചു. ദേശീയപാതയിൽ നിർമാണ പ്രവൃത്തി പൂർത്തികരിക്കുന്നതോടെ മുപ്പതിലേറെ ക്യാമറകൾ സ്ഥാപിക്കും. ക്യാമറയുടെ കൺട്രോൾ റൂം മോട്ടർ വാഹന വകുപ്പിന്റെ കാസർകോട് നഗരത്തിലെ എൻഫോഴ്സ്മെന്റ് ഓഫിസിലാണുള്ളത്.

ചില വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തേഞ്ഞും തുണിയും മാസ്ക്കും കൊണ്ടു മറച്ചുവച്ച നിലയിലാണെന്നു മോട്ടർ വാഹനവകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇനി മുതൽ ഇത്തരംവാഹനങ്ങൾ കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും. അതിനാൽ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ
കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാനപാത: പുതിയകോട്ട, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് ടിബി റോഡ്, കോട്ടച്ചേരി ആർഒബി, അതിഞ്ഞാൽ, മഡിയൻ ജംക‍്ഷൻ–മഡിയൻ കൂലോം റോഡ്,മഡിയൻ, ചിത്താരി, പള്ളിക്കര, ബേക്കൽപാലം, പാലക്കുന്ന്, കളനാട് ജംക‍്ഷൻ, കളനാട്, ചന്ദ്രഗിരി ജംക‍്ഷൻ (പ്രസ് ക്ലബ് ജംക‍്ഷൻ) കാസർകോട് പഴയ ബസ് സ്റ്റാൻഡ്.

കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാനാന്തര പാത:പാണത്തൂർ, ഒടയംചാൽ.
∙ചെർക്കള–ജാൽസൂർ–പെർള സംസ്ഥാനാന്തര പാത: ചെർക്കള, ബോവിക്കാനം, മുള്ളേരിയ, ബദിയടുക്ക, പെർള.

∙കുമ്പള–ബദിയടുക്ക– മുള്ളേരിയ പാത: കുമ്പള, സീതാംഗോളി, ബദിയടുക്ക
∙പൊയ്നാച്ചി–ബന്തടുക്ക പാത: കുണ്ടംകുഴി, കുറ്റിക്കോൽ, ബന്തടുക്ക.
∙പടന്ന–നടക്കാവ്–ഉദിനൂർ പാത: നടക്കാവ്, ഉദിനൂർ, പടന്ന.

∙ചന്തേര–ഒളവറപാത: തൃക്കരിപ്പൂർ, തങ്കയം മുക്ക്
∙മറ്റു പാതകൾ: കൈക്കമ്പ ജംക‍്ഷൻ,ചെമ്മട്ടംവയൽ ജംക‍്ഷൻ.കോട്ടപ്പുറം, ചോയ്യങ്കോട്, ചീമേനി.

Post a Comment

Previous Post Next Post