(www.kl14onlinenews.com)
(Jun-21-2023)
ന്യൂയോർക്ക് : ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു. സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്.
ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു.
ആഴക്കടലിൽ ഓരോ 30 മിനിറ്റിലും മുഴക്കം; സമയത്തോട് പൊരുതി തിരച്ചിൽ സംഘം
അറ്റ്ലാന്റിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റൻ അന്തർ വാഹിനിക്കായി തിരച്ചിൽ തുടരുന്നതിന് ഇടയിൽ ആഴക്കടലിൽ നിന്ന് മുഴക്കം കേട്ടതായി റിപ്പോർട്ട്. ഓരോ 30 മിനിറ്റ് ഇടവേളയിലും ഈ മുഴക്കം കേട്ടതായി തിരച്ചിലിൽ പങ്കാളികളായ കനേഡിയൻ പി 3 എയർക്രാഫ്റ്റാണ് അറിയിച്ചത്. എന്നാൽ എവിടെ നിന്നാണ് ഈ മുഴക്കം എന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ആഴക്കടലിൽ നിന്ന് മുഴക്കം കേട്ട ഭാഗത്ത് സോനാറുകൾ വിന്യസിച്ച് തിരച്ചിൽ വ്യാപിപ്പിച്ചു. എന്നാൽ അന്തർവാഹിനിയിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് വരുന്നത് തിരച്ചിൽ സംഘത്തിന്റെ സമ്മർദം കൂട്ടുന്നു. വ്യാഴാഴ്ചക്കുള്ളിൽ അന്തർവാഹിനി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പൈലറ്റ് ഉൾപ്പെടെയുള്ള അഞ്ച് പേരെ രക്ഷിക്കാൻ സാധിച്ചേക്കില്ല. 12500 അടി ആഴത്തിലാണ് അന്തർവാഹിനി കാണാതായത് എന്നാണ് റിപ്പോർട്ടുകൾ.
ന്യൂഫൗണ്ട്‌ലാന്റിൽ നിന്ന് യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായത്. ന്യൂഫൗണ്ട്ലാൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെയാണ് ടൈറ്റാനിക് മുങ്ങിയ ഇടം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ട് മടങ്ങാൻ വേണ്ട സമയം എട്ട് മണിക്കൂറോളം. 96 മണിക്കൂർ നേരത്തേക്കുള്ള പ്രായവായുവാണ് അന്തർവാഹിനിയിലുള്ളത്.
إرسال تعليق