(www.kl14onlinenews.com)
(Jun-20-2023)
വ്യാജരേഖ കേസില്‍ പ്രതിയായ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി അടുത്തയാഴ്ചയിലേക്ക് മാറ്റിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും വിദ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 14 ദിവസമായി വിദ്യ ഒളിവില്‍ തുടരുകയാണ്. ഇതിനിടെയാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.
നേരത്തെ അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയതും വ്യാജ രേഖകളാണെന്ന് കണ്ടെത്തിയിരുന്നു. അധ്യാപക നിയമനത്തിനായി ഹാജരാക്കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് വ്യാജമെന്ന് കണ്ടെത്തിയത്. കൂടാതെ ബയോഡാറ്റയിലും കൃത്രിമം നടന്നിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ സുപ്രധാന കണ്ടെത്തലുകള്‍. വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സംഘം കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് കൈമാറി.
കൊളീജിയറ്റ് സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അട്ടപ്പാടി കോളജിലെത്തി വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചത്. ഈ കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൊളീജിയറ്റ് സംഘം ഡയറക്ടര്‍ക്ക് പ്രത്യേക ദൂതന്‍ വഴി കൈമാറി. റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും. കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളജിലും വിദ്യ നിയമനം നേടിയത് വ്യാജരേഖ ഉപയോഗിച്ചാണ് കോളീജിയറ്റ് എജുക്കേഷന്‍ സംഘം കണ്ടെത്തിയിരുന്നു.
ഒരു വര്‍ഷക്കാലം വിദ്യ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ വിദ്യക്ക് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കുന്നതിനുള്ള നടപടിയും ഉണ്ടായേക്കും. വ്യാജ രേഖയുടെ ഒറിജിനല്‍ കണ്ടെത്താനായില്ലെങ്കിലും നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യയെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതേസമയം മഹാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ ജൂണ്‍ ആറിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാഴ്ച പിന്നിട്ടിട്ടും വിദ്യയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ്.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി വിദ്യ പാലക്കാട് അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂവിന് പങ്കെടുത്തിരുന്നു. ഇവിടെയാണ് മഹാരാജാസ് കോളേജിലെ മലയാള വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റിലെ ലോഗോയും സീലും കണ്ട് പാനല്‍ അംഗങ്ങള്‍ക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഇവര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടതോടെ കള്ളം തെളിയുകയായിരുന്നു.
നിലവില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് വിദ്യ. ഇവിടെ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മഹാരാജാസിലും എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. മുമ്പ് പാലക്കാട്ടും കാസര്‍കോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളില്‍ വിദ്യ ഗസ്റ്റ് ലക്ചററായിരുന്നു. ഇവിടങ്ങളിലെല്ലാം ഇതേ വ്യാജരേഖ സമര്‍പ്പിച്ചിരുന്നുവെന്നാണ് വിവരം.
إرسال تعليق