(www.kl14onlinenews.com)
(Jun-11-2023)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി ഓസ്ട്രേലിയ. 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സിന് പുറത്തായി. കിരീട നേട്ടത്തോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാനും ഓസീസിനായി. എല്ലാ ഐസിസി ട്രോഫികളും നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് പാറ്റ് കമ്മിന്‍സും സംഘവും കൈപ്പിടിയിലാക്കിയത്.
164-3 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ അവസാന ദിനം കളി ആരംഭിച്ചത്. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (20) എന്നീ പരിചയസമ്പന്നരായ താരങ്ങള്‍ ക്രീസിലും. ആദ്യ സെഷന്‍ അതിജീവിക്കുക എന്ന വെല്ലുവിളിയായിരുന്നു ഇരുവര്‍ക്കും മുന്നിലുണ്ടായിരുന്നത്. ബോളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചില്‍ ഓസ്ട്രേലിയയെ വിജയത്തിലേക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തന്നെ നയിക്കുകയായിരുന്നു.
ആദ്യം വീണത് ഇന്ത്യ പ്രതീക്ഷ അര്‍പ്പിച്ച കോഹ്ലി തന്നെ ബോളണ്ടിന്റെ മികവിന് മുന്നിലായിരുന്നു വിരാട് കോഹ്ലി (49) മടങ്ങിയത്. സ്റ്റീവ് സ്മിത്തിന്റെ അത്യുഗ്രന്‍ ക്യാച്ചും ചേര്‍ന്നതോടെ കോഹ്ലിക്ക് തലകുനിച്ച് മടങ്ങേണ്ടി വന്നു. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയെ (0) ബോളണ്ട് അലക്സ് ക്യാരിയുടെ കൈകളില്‍ എത്തിച്ചു. തുടരെ രണ്ട് വിക്കറ്റ് വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി.
പിന്നീടെത്തിയ ശ്രീകര്‍ ഭരതിനെ കൂട്ടുപിടിച്ച് രഹാനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച രഹാനെ അലക്സ് ക്യാരിയുടെ കൈകളിലേക്ക്. ഷോട്ടിന് ശേഷം തലയില്‍ കൈവച്ച് നില്‍ക്കുന്ന രഹാനയെയാണ് കണ്ടത്. 46 റണ്‍സാണ് രഹാനെ നേടിയത്.
രഹാനെയ്ക്ക് ശേഷം ഒന്നാം ഇന്നിങ്സില്‍ അര്‍ദ്ധ സെഞ്ചുറി നേടി ആത്മവിശ്വാസത്തിലെത്തിയ ശാര്‍ദൂല്‍ താക്കൂറിനെ അക്കൗണ്ട് തുറക്കാന്‍ പോലും ലിയോണ്‍ സമ്മതിച്ചില്ല. ഉമേഷ് യാദവും (1) സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ കുടുങ്ങിയതോടെ ഇന്ത്യയുടെ എട്ടാം വിക്കറ്റും തെറിച്ചു. കൂറ്റനടിക്ക് ശ്രമിച്ച ഭരതും (23) ലിയോണിന് കീഴടങ്ങി.
കളി നാലാം ദിനം വരെ
ഓസ്ട്രേലിയ: 469-10 (ഒന്നാം ഇന്നിങ്സ്)
ട്രാവിസ് ഹെഡ് (163), സ്റ്റീവ്‍ സ്മിത്ത് (121) എന്നിവരുടെ കരുത്തിലാണ് ടോസ് നഷ്ടമായിട്ടും ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 285 റണ്‍സായിരുന്നു ചേര്‍ത്തത്. ഇതോടെ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങുകയും ചെയ്തു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി ബോളിങ്ങില്‍ മികവ് പുലര്‍ത്തിയത്.
ഇന്ത്യ: 296-10 (ഒന്നാം ഇന്നിങ്സ്)
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര എന്നിവരടങ്ങിയ മുന്‍നിരയെ തകര്‍ത്തായിരുന്നു ഓസ്ട്രേലിയ ആധിപത്യം തുടര്‍ന്നത്. അജിങ്ക്യ രഹാനെ (89), ശാര്‍ദൂല്‍ താക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരുടെ പ്രകടനമാണ് ഫോളോ ഓണില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തു.
ഓസ്ട്രേലിയ: 270-8 Dec. (രണ്ടാം ഇന്നിങ്സ്)
173 റണ്‍സിന്റെ കൂറ്റന്‍ ലീഡിന്റെ ബലത്തിലിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 270 റണ്‍സാണ് ചേര്‍ത്തത്. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഓസ്ട്രേലിയ 270 റണ്‍സില്‍ ഡിക്ലെയര്‍ ചെയ്തത്. ഓസീസിനായി അലക്സ് ക്യാരി 66 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 41 റണ്‍സ് വീതമെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മാര്‍നസ് ലെബുഷെയിനും ക്യാരിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ഇതോടെ ഓസ്ട്രേലിയയുടെ ആകെ ലീഡ് 443 റണ്‍സായി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.
ഇന്ത്യ: 164-3 (രണ്ടാം ഇന്നിങ്സ്)
444 എന്ന റണ്‍മല കയറാന്‍ ആരംഭിച്ച ഇന്ത്യക്ക് രോഹിത് ശര്‍മ (43), ശുഭ്മാന്‍ ഗില്‍ (18), ചേതേശ്വര്‍ പൂജാര (27) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 93-3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വിരാട് കോഹ്ലി-അജിങ്ക്യ രഹാനെ സഖ്യമാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ 71 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. കോഹ്ലി 44 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ രഹാനെ (20) മികച്ച പിന്തുണയാണ് നല്‍കുന്നത്. 280 റണ്‍സാണ് അവസാന ദിനം ഇന്ത്യ നേടേണ്ടത്.
Post a Comment