(www.kl14onlinenews.com)
(June-27-2023)
വ്യാജരേഖ കേസിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പോലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വിദ്യയെ ഇന്ന് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഈ മാസം 30ന് കോടതിയില്‍ ഹാജരാകണം.
മഹാരാജാസ് കേളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് കരിന്തളം സര്‍ക്കാര്‍ കോളജില്‍ വിദ്യ ഗസ്റ്റ് ലക്ചറര്‍ ജോലി നേടിയത്. പിന്നാലെ ഇതേ സര്‍ട്ടിഫിക്കറ്റുമായി അട്ടപ്പാടി കോളജിലും ഇന്റര്‍വ്യുവിന് എത്തുകയായിരുന്നു. കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
രാവിലെ പതിനൊന്നരയോടെയാണ് അഭിഭാഷകനൊപ്പം വിദ്യ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഡിവൈഎസ്പിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിലാണെന്നും മറ്റാരുടെയും സഹായം കിട്ടിയില്ലെന്നുമാണ് വിദ്യയുടെ മൊഴി. സർട്ടിഫിക്കറ്റിന്റെ അസ്സൽ നശിപ്പിച്ചുവെന്നും വിദ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പോലീസ് പറയുന്നു. എന്നാൽ കോടതിയിൽ കുറ്റങ്ങളെല്ലാം വിദ്യ നിഷേധിച്ചു.
Post a Comment