(www.kl14onlinenews.com)
(Jun-08-2023)
കാസർകോട് : കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മുൻ എസ്എഫ്ഐ നേതാവായ കെ വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരണം. മഹാരാജാസ് കോളജ് അധികൃതരാണ് സ്ഥിരീകരിച്ചത്. രണ്ട് വർഷം മഹാരാജാസിൽ പഠിപ്പിച്ചു എന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്. വ്യജ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയതിൽ കരിന്തളം കോളേജ് അധികൃതർ വിദ്യക്കെതിരെ പൊലീസിൽ പരാതി നൽകും.
അതിനിടെ വിദ്യയ്‌ക്കെതിരായ കേസില്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച സംഭവത്തില്‍ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തില്‍ വിശദീകരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി.
‘എന്നാലും എന്റെ വിദ്യേ’ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമായിരുന്നു ശ്രീമതി ടീച്ചര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘വിദ്യേ നീ കുടുക്കില്‍പ്പെട്ടല്ലോ’ എന്നാണുദേശിച്ചതെന്ന് പി കെ ശ്രീമതി വ്യക്തമാക്കി.
‘വ്യാജ രേഖ ആരുണ്ടാക്കിയാലും തെറ്റാണ്. മഹിളാ അസോസിയേഷൻ സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കുട്ടിയാണ് വിദ്യ. ആ കുട്ടി ഇങ്ങനെ ചെയ്തുവെന്ന് കേട്ടപ്പോഴുണ്ടായ പ്രതികരണമാണത്. എന്നാലും എന്റെ വിദ്യേ എന്നത് മനസില്‍ നിന്നുള്ള പ്രതികരണമാണ്’ – പി കെ ശ്രീമതി പറഞ്ഞു. പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി
Post a Comment