പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം, മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

(www.kl14onlinenews.com)
(Jun-21-2023)

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്:
കെ സുധാകരന് ഇടക്കാല മുന്‍കൂര്‍ ജാമ്യം, മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് താല്‍ക്കാലിക ആശ്വാസം. രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേസമയം മറ്റന്നാള്‍ സുധാകരന്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിര്‍ദ്ദേശിച്ചു. ഏതെങ്കിലും കാരണവശാല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ സുധാകരന്‍ കോടതിയിലെത്തിയത്.

നേരത്തെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ സുധാകരന്‍ സാവകാശം തേടിയിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഈ മാസം 14ന് ഹാജരാകണമെന്നായിരുന്നു സുധാകരന് ആദ്യം ലഭിച്ച നോട്ടീസിലെ നിര്‍ദ്ദേശം. എന്നാല്‍ ഹാജരായാല്‍ അറസ്റ്റ് ഉണ്ടാകുമെന്നുറപ്പായതോടെയാണ് തീരുമാനത്തില്‍ നിന്നും സുധാകരന്‍ പിന്‍വാങ്ങിയത്.

കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നെത്തിയ ശതകോടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം. വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. 2018 നവംബര്‍ 22 ന് മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറിയെന്നും അത് സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. രേഖാമൂലമാണ് ഇക്കാര്യം പരാതിക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. എന്നാല്‍ കേസ് രാഷ്ട്രീയമായി തന്നെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം.

ഇതിനിടെ കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുന്‍ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മോന്‍സന്‍ മാവുങ്കല്‍ പ്രതികരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post