ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ബി.ജെ.പി പതാക;രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമങ്ങൾ

(www.kl14onlinenews.com)
(Jun-09-2023)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ബി.ജെ.പി പതാക;രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമങ്ങൾ
ലണ്ടൻ: ഇന്ത്യ-ആസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ബി.ജെ.പി പ്രവർത്തകർ പാർട്ടി പതാക ഉയർത്തിയതിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ടീമിന് പിന്തുണയുമായി ഓവൽ സ്റ്റേഡിയത്തിലെത്തിയവരാണ് ബി.ജെ.പി പതാക വീശിയത്. ചിത്രത്തിൽ തൊട്ടപ്പുറത്തായി ഇന്ത്യൻ പതാകയും ഉണ്ട്. ചിത്രം സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയാക്കിയിരിക്കുകയാണ്. മത്സരം ഇന്ത്യയും ബി.ജെ.പിയും തമ്മിലാണോ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലല്ലേ എന്നാണ് പലരുടെയും ചോദ്യം.
ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലാണ് മത്സരമെന്ന് ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് മുതിർന്ന മാധ്യമ പ്രവർത്തകർ രാജ്ദീപ് സർദേശായി ഓർമിപ്പിച്ചു. 52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് സംഘ്പരിവാറുകാരെന്നും അതിന്റെ തുടർച്ചയാണിതെന്നുമായിരുന്നു ഒരു ക്രിക്കറ്റ് ആരാധകന്റെ വിമർശനം. ദേശീയപതാക ഉയരേണ്ടിടത്ത് പാർട്ടി പതാകയുമായി എത്തുന്നത് ശരിയല്ലെന്നും ഇത്തരം വേദികളിൽ ഇത് അനുവദിക്കരുതെന്നും മറ്റൊരാൾ പ്രതികരിച്ചു.

അതേസമയം, മുമ്പ് മെൽബണിൽ ഒരുവിഭാഗം കാണികൾ രാഹുൽ ഗാന്ധിയുടെ ബാനറുമായെത്തിയത് കാണിച്ചാണ് ബി.ജെ.പി അനുകൂലികൾ ഇതിനെ പ്രതിരോധിക്കുന്നത്.

Post a Comment

Previous Post Next Post