കല്യാണത്തിന് മുമ്പ് പൊലീസ് ബലം പ്രയോഗിച്ചു കൊണ്ടുപോയ ആൽഫിയയും അഖിലും നാളെ വിവാഹിതരാകും

(www.kl14onlinenews.com)
(Jun-19-2023)

കല്യാണത്തിന് മുമ്പ് പൊലീസ് ബലം പ്രയോഗിച്ചു കൊണ്ടുപോയ ആൽഫിയയും അഖിലും നാളെ വിവാഹിതരാകും
തിരുവനന്തപുരം: കോവളത്തെ ക്ഷേത്രത്തില്‍ നിന്ന് കല്യാണത്തിന് തൊട്ടുമുമ്പ് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ട് പോയ ആൽഫിയ നാളെ വിവാഹിതയാകും. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും കായംകുളം സ്വദേശിയായ ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെ കായംകുളം പൊലീസ് ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ടുപോയത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.

പിന്നീട് ആൽഫിയയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചപ്പോൾ ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് വ്യക്തമാക്കി. ഈ സമയത്ത് അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് പരാതി തീർപ്പാക്കി.

അതേസമയം, കായംകുളം പൊലീസ് മോശമയാണ് പെരുമാറിയതെന്നു അഖിലും ആൽഫിയയും പ്രതികരിച്ചു. സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ വെച്ച് വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്.

വെള്ളിയാഴ്ച ആൽഫിയ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയെന്നും കോവളം പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് ആൽഫിയ പറഞ്ഞുവെന്നും അഖിൽ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് അഖിലും ആൽഫിയയും പരിചയപ്പെട്ടത്.

Post a Comment

Previous Post Next Post