മദ്യപിച്ച് ട്രാക്കില്‍ കിടന്നുറങ്ങി, വിളിച്ചുണര്‍ത്തിയത് ലോക്കോ പൈലറ്റ്; സംഭവം കൊല്ലത്ത്

(www.kl14onlinenews.com)
(Jun-12-2023)

മദ്യപിച്ച് ട്രാക്കില്‍ കിടന്നുറങ്ങി, വിളിച്ചുണര്‍ത്തിയത് ലോക്കോ പൈലറ്റ്; സംഭവം കൊല്ലത്ത്
കൊല്ലം എഴുകോണില്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിനെ വിളിച്ചുണര്‍ത്തിയത് ലോക്കോ പൈലറ്റ്. അച്ചന്‍കോവില്‍ സ്വദേശി റെജിയാണ് റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയത്. എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.

കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇ.എസ്.ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോഴാണ് ഒരു യുവാവ് പാളത്തില്‍ തലവെച്ച് കിടക്കുന്നതായി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വേഗം കുറവായിരുന്നതിനാല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പുറത്തിറങ്ങി. സംഭവം അറിഞ്ഞ് ചില യാത്രക്കാരും ലോക്കോ പൈലറ്റിനൊപ്പം ട്രാക്കിലേക്ക് നടന്നു. ട്രെയിന്‍ എത്തിയിട്ടും ഇയാള്‍ ട്രാക്കില്‍ തന്നെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവാവിനെ ട്രാക്കില്‍ നിന്ന് പിടിച്ചുമാറ്റി. പാളത്തിന്റെ ഒരു വശത്ത് നിലയുറപ്പിച്ച ഇയാളെ പിന്നീട് എഴുകോണ്‍ പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നേരത്തെ സമാന സംഭവം എഴുകോണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് മദ്യപിച്ച് ബോധംകെട്ട് കിടന്ന യുവാവിന്റെ മുകളിലൂടെ ട്രെയിന്‍ പോയിട്ടും ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. ട്രാക്കിന് നടുക്ക് കിടന്നതും തല ഉയര്‍ത്താതിരുന്നതുമാണ് അപകടം ഒഴിവാക്കിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Post a Comment

Previous Post Next Post