(www.kl14onlinenews.com)
(Jun-11-2023)
ബിജെപിയ്‌ക്കെതിരെ പരിഹാസവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അദ്ദേഹം മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പുലര്‍ച്ചെ നടന്ന ഭസ്മ ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. കാലഭൈരവ ക്ഷേത്രത്തിലും ശിവകുമാര്‍ ദര്‍ശനം നടത്തി.
'ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. ഇത് ബിജെപിയുടെ സ്വകാര്യ സ്വത്തല്ല' അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാന്‍ മഹാകാല്‍ ക്ഷേത്രത്തിലേക്ക് വരുന്നത്. പ്രയാസകരമായ ഒരു സമയത്താണ് ഞാന്‍ ഇവിടെ വന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാന്‍ മഹാകാലേശ്വറിനോടും കാലഭൈരവനോടും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകയില്‍ ഞങ്ങള്‍ക്ക് അധികാരം ലഭിച്ചു.' ശിവകുമാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം, വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തിയത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോള്‍ 61 കാരനായ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി. 'ഭസ്മ ആരതി'യില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് മഹാകാലേശ്വര ക്ഷേത്രത്തിലെത്തുകയും നന്ദി ഹാളില്‍ കുറച്ചുനേരം ധ്യാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. 224 അംഗ കര്‍ണാടക നിയമസഭയില്‍ തന്റെ പാര്‍ട്ടി നേടിയ 135 സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 230 അംഗ എംപി നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
إرسال تعليق