(www.kl14onlinenews.com)
(Jun-06-2023)
ബോംബ് വെച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊല്‍ക്കത്ത-ദോഹ ഖത്തര്‍ എയര്‍വേയ്സ് വിമാനം മണിക്കൂറുകളോളം വൈകി. വിമാനം പുറപ്പെടുന്ന സമയത്തിന് തൊട്ടുമുമ്പ് ഒരു യാത്രക്കാരനാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് അലറിവിളിച്ചത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 186 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേയ്സ് QR 541 വിമാനത്തിലാണ് സംഭവം.
പരിഭ്രാന്തി പരന്നതോടെ വിമാനത്താവളത്തില്‍ നിലയുറപ്പിച്ച സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (സിഐഎസ്എഫ്) വിമാന ജീവനക്കാര്‍ വിവരം അറിയിച്ചു. ഇവര്‍ ഉടന്‍ തന്നെ എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. പിന്നാലെ സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് വിമാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വിമാനത്തില്‍ ബോംബ് ഉണ്ടെന്നത് അജ്ഞാത സ്രോതസ്സില്‍ നിന്ന് ലഭിച്ച വിവരമാണെന്ന് പരിഭ്രാന്തി പരത്തിയ യാത്രക്കാരന്‍ പറഞ്ഞു. എന്നാല്‍ മകന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് യുവാവിന്റെ പിതാവ് സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് തെളിയിക്കുന്ന അനുബന്ധ രേഖകള്‍ അദ്ദേഹം ഹാജരാക്കുകയും ചെയ്തു. പിന്നാലെ കൃത്യമായ പരിശോധനയ്ക്ക് ശേഷം 9 മണിക്ക് ദോഹയിലേക്ക് വിമാനം പുറപ്പെട്ടു.
Post a Comment