ശ്രദ്ധ സതീഷിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

(www.kl14onlinenews.com)
(Jun-08-2023)

ശ്രദ്ധ സതീഷിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്
കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത് വന്നു. ആത്മഹത്യ കുറിപ്പ് ആണെന്ന് കരുതാന്‍ കഴിയില്ലെങ്കിലും മരണത്തിന്റെ സൂചനകളുമായി ശ്രദ്ധ എഴുതിയ അവസാന വരികള്‍ എന്ന നിലയിലാണ് ഈ കത്തിനെ പോലീസ് കാണുന്നത്. നോട്ടു ബുക്കില്‍ കീറിയെടുത്ത പേപ്പറില്‍ റൂംമേറ്റിന് എഴുതിയ കത്താണ് പോലീസ് കണ്ടെടുത്തത്. എടീ ഞാന്‍ പോവുകയാണ്.... നിന്റെ കയ്യില്‍ നിന്നും വാങ്ങിയ കറുത്ത ബാന്‍ഡ് കട്ടിലില്‍ ഇട്ടിട്ടുണ്ട്. ഇതാണ് ശ്രദ്ധ എഴുതിയത്.

ശ്രദ്ധ മരിക്കും മുന്‍പ് അവസാനം എഴുതിയ കുറിപ്പാണ് ഇത്. ശ്രദ്ധയുടെ ഹാന്റ് റൈറ്റിംഗ് കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ശ്രദ്ധ എഴുതിയ കത്ത് തന്നെയാണ് എന്നാണ് പോലീസ് കരുതുന്നത്. കുട്ടികള്‍ക്കും ഈ കാര്യത്തില്‍ സംശയം പറഞ്ഞിട്ടില്ല.

ശ്രദ്ധയുടെ ബുക്കുകള്‍ മുഴുവന്‍ പരിശോധിച്ചപ്പോഴാണ് ഈ കുറിപ്പ് പോലീസ് കണ്ടെടുത്തത്. അതേ സമയം ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. . ക്രൈംബ്രാഞ്ച് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. കോളേജ് മാനേജ്മെന്റും വിദ്യാർഥി പ്രതിനിധികളുമായി മന്ത്രിമാരായ ആർ ബിന്ദുവും വി എൻ വാസവനും ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം വന്നത്. ഇതോടെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിലേക്ക് നീങ്ങുകയാണ്. മന്ത്രി തലത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രക്ഷോഭം പിന്‍വലിച്ചിട്ടുണ്ട്.

ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രദ്ധയുടെ വീട്ടുകാര്‍ ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. എന്താണ് ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് വഴിവെച്ചത്? അത് അറിയേണ്ടതുണ്ടെന്നാണ് വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. ശ്രദ്ധയുടെ മരണകാരണം എന്താണെന്ന് അറിയേണ്ടതുണ്ടെന്നു ശ്രദ്ധയുടെ അച്ഛന്‍ പി.പി.സതീഷ്‌ ഇന്നലെ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചിരുന്നു. ലാബില്‍ നിന്നും ശ്രദ്ധയുടെ മൊബൈല്‍ പിടിച്ച് വെച്ച് എച്ച്ഒഡിയുടെ കാബിനിലേക്ക്‌ വിളിപ്പിച്ചു.അവിടെ നിന്നും ശ്രദ്ധയുടെ മനസ് ഉലയ്ക്കുന്ന വിധത്തില്‍ എന്തോ സംഭാഷണം നടന്നു. ഈ പ്രശ്നമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണം. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ സംഭവം എന്താണ് എന്ന് ഞങ്ങള്‍ക്ക് അറിയണം-സതീഷ്‌ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിനിയായ ശ്രദ്ധ സതീഷിനെ (20) വെള്ളിയാഴ്ച രാത്രിയാണു കോളേജ് ഹോസ്റ്റലില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളം പുതുർക്കപ്പറമ്പിൽ പി.പി.സതീഷിന്റെയും ദയയുടെയും മകളാണ് ശ്രദ്ധ.

മൊബൈല്‍ പിടിച്ച് വച്ച ശേഷം ശ്രദ്ധയെ കാബിനില്‍ വിളിച്ച് വരുത്തി എച്ച്ഒഡി എന്തോ പറഞ്ഞു. അതിനു ശേഷമാണ് ശ്രദ്ധ ആത്മഹത്യ ചെയ്തത്. എച്ച്ഒഡി എന്താണ് ശ്രദ്ധയോട് പറഞ്ഞത് എന്ന് അറിയില്ല. ആ റൂമില്‍ നിന്നും ഇറങ്ങിയ ശേഷം ശ്രദ്ധ അസ്വസ്ഥയായിരുന്നു. ഞാന്‍ മരിക്കും എന്നും പറഞ്ഞതായാണ് ഞങ്ങളുടെ അറിവ്-സതീഷ്‌ പറയുന്നു.
ഞങ്ങള്‍ പോലീസിനു കുറ്റക്കാരെ കാണിച്ചു കൊടുത്തു. പോലീസ്  ഇതുവരെ അവരെ  ചോദ്യം ചെയ്തില്ല. എച്ച്ഒഡിയുടെ റൂമില്‍ കയറ്റി കുട്ടിയെ മാനസികമായി പീഡിപ്പിച്ചു. അത് എന്താണ് എന്നറിയണം. ഉച്ചയ്ക്ക്  രണ്ടു മണിവരെ ശ്രദ്ധ ഹാപ്പിയായിരുന്നു. അത് ഞങ്ങള്‍ക്ക് അറിയാം. എച്ച്ഒഡിയുടെ റൂമില്‍ കയറിയപ്പോള്‍ അവര്‍ എന്തോ സംസാരിച്ചു. അത്  കഴിഞ്ഞ്  മകള്‍ പുറത്ത് വന്നശേഷം . ഞാന്‍ മരിക്കും എന്ന് പറഞ്ഞു. അതിനു ശേഷം ആരെയും വിളിച്ചിട്ടില്ല. രാത്രി എട്ടുമണിയ്ക്കാണ് മകള്‍ ആത്മഹത്യ ചെയ്തത്. സംഭവം മാനെജ്മെന്റ് ഒളിപ്പിച്ചുവെച്ചു. ആശുപത്രിയില്‍ കൊണ്ട് പോയി. വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഴഞ്ഞുവീണാണ് എത്തിച്ചത് എന്ന് പറഞ്ഞു ഡോക്ടറെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയില്‍ നിന്നും പള്‍സ്‌ ഉണ്ടായതായാണ് അറിഞ്ഞത്. 

വാര്‍ഡന്‍ ഉണ്ടായിരുന്നു. അവര്‍ ചിരിച്ചുകൊണ്ട്   ആ സമയം ഫോണ്‍ ചെയ്ത് പുറത്തേക്ക് പോവുകയാണ് ചെയ്തത്. അവര്‍ കോട്ടയം എസ്പിയെയാണ് വിളിച്ചത്. കുഴഞ്ഞു വീണതാണെങ്കില്‍ അവര്‍ എന്തിനാണ് എസ്പിയെ വിളിച്ചത്? എല്ലാത്തിനും വീഴ്ച വന്നു. ഞങ്ങളുടെ കുട്ടിയെ അവര്‍ നോക്കിയില്ല. വേണ്ട പരിചരണം നല്‍കിയില്ല. ആര് അന്വേഷിച്ചാലും സത്യം വെളിയില്‍ വരണം. എച്ച്ഒഡിയ്ക്ക് എതിരെ ശിക്ഷാ നടപടി വേണം. ഈ കാര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകും.

 മകളെ മാനസികമായി പീഡിപ്പിച്ചു. മകളുടെ മനോനില തകര്‍ക്കും വിധം എച്ച്ഒഡിയും മറ്റൊരു ടീച്ചറും കൂടി എന്താണ് പറഞ്ഞത് എന്ന് ഞങ്ങള്‍ക്ക് അറിയണം. ഈ കാര്യം പറഞ്ഞതോടെയാണ് മരിക്കണം എന്ന ചിന്ത മകളുടെ മനസ്സില്‍ വന്നത്. ആ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയണം. പോലീസ് ഇതുവരെ ആരെയും ചോദ്യം ചെയ്തില്ല. ഞങ്ങള്‍ക്ക് നീതി വേണം. മറ്റൊരു കുട്ടിയ്ക്ക് ഇതേ അനുഭവം വരരുത്. ഞങ്ങള്‍ സഭയ്ക്കോ കോളേജിനോ എതിരല്ല-സതീഷ്‌ പറയുന്നു. 

അതേസമയം ശ്രദ്ധ സതീഷിന്റെ മരണത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള പൊലീസ്‌ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്സ്‌എച്ച്‌ഒയ്‌ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.   സമരം ചെയ്ത് വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്നു ഇന്നലത്തെ ചര്‍ച്ചയില്‍  മന്ത്രിമാർ ഉറപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ സമരം താത്കാലികമായി പിൻവലിച്ചെന്നാണ്  വിദ്യാർഥികൾ അറിയിച്ചത്.

Post a Comment

Previous Post Next Post