(www.kl14onlinenews.com)
(Jun-16-2023)
കൊച്ചി :
മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആശ്വാസം. സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍. ഹര്‍ജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ കെ സുധാകരന്‍ സാവകാശം തേടിയിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഈ മറുപടി പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കും.
കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നെത്തിയ ശതകോടികള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം. വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്.
2018 നവംബര്‍ 22 ന് മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറിയെന്നും അത് സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതിനിടെ കേസില്‍ കെ സുധാകരന് പിന്നാലെ ഐജി ലക്ഷ്മണയേയും മുന്‍ ഡി ഐ ജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മോന്‍സന്‍ മാവുങ്കല്‍ പ്രതികരിച്ചിട്ടുണ്ട്.
Post a Comment