(www.kl14onlinenews.com)
(Jun-16-2023)
വ്യാജസർട്ടിഫിക്കറ്റ് കേസ്;
കാസർകോട് : മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ ജോലിക്കായി വ്യാജരേഖ സമർപ്പിച്ച കേസിൽ പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. അന്വേഷണ സംഘത്തിൽ സൈബർസെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അഗളി സിഐയുടെ നേതൃത്വത്തിൽ പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.
2021ൽ ആസ്പയർ സ്കോളർഷിപ്പിന്റെ ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ ലഭിച്ച ജോയ്നിങ് സർട്ടിഫിക്കറ്റിലെ സീലും ഒപ്പും ഉപയോഗിച്ചാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന. ഈ സർട്ടിഫിക്കറ്റിൽ വൈസ് പ്രിൻസിപ്പൽ ഇട്ട അതേ ഒപ്പും സീലുമാണു ഗെസ്റ്റ് അധ്യാപകജോലിക്കായി സമർപ്പിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിലുമുള്ളത്.
വിദ്യ അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല കോളജിലും അഗളി പൊലീസ് അന്വേഷണത്തിനെത്തും. വിദ്യ ബയോഡാറ്റയ്‌ക്കൊപ്പം നല്‍കിയ രേഖകളാകും പൊലീസ് പരിശോധിക്കുക. ഒളിവിൽ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്.
Post a Comment