(www.kl14onlinenews.com)
(Jun-15-2023)
ഷാർജ: ലഹരിമരുന്ന് കടത്തിയതിന് ഷാർജ പൊലീസ് അറസ്റ്റ് ചെയ്ത് 25 ദിവസം തടവിലിട്ട ശേഷം ജാമ്യത്തിൽ വിട്ടയച്ച ബോളിവുഡ് നടി ക്രിസൻ പെരേര(27) കേസിൽ നിന്ന് മോചിതയായി. നടിയുടെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസിൽ നിന്നൊഴിവാക്കിയതെന്ന് നടിയുടെ നിയമപ്രതിനിധി പറഞ്ഞു. രേഖകള്‍ പരിശോധിച്ച് ക്രിമിനല്‍ കേസ് അവസാനിപ്പിക്കുകയും യാത്രാവിലക്ക് നീക്കുകയും ചെയ്തതായി ഉത്തരവില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പുറത്ത് നിന്ന് ലഹരിമരുന്ന് കൊണ്ടുവന്നുവെന്ന കുറ്റവും കോടതി റദ്ദാക്കി.
തന്റെ കക്ഷി കുറ്റക്കാരിയല്ലെന്ന് തെളിയിക്കുന്നതാണ് ഉത്തരവ് എന്ന് ദുബായിലെ ക്രിസന്‍റെ അഭിഭാഷകൻ മുഹമ്മദ് അൽ റെദ പറഞ്ഞു. അവർ ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം വിടുന്നത് തടയുന്ന കരിമ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത് നടിയുടെ പാസ്‌പോർട്ട് തിരികെ നൽകും. പാസ്‌പോർട്ട് തിരികെ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകി. പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് ഉടൻ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് അൽ റെദ കൂട്ടിച്ചേർത്തു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനത്തെ സ്വാഗതം ചെയ്തു.
ഈ വർഷം ഏപ്രിൽ ഒന്നിനായിരുന്നു ക്രിസൻ ഷാർജയിൽ അറസ്റ്റിലായത്. ബട്‌ല ഹൗസ്, സഡക് 2 തുടങ്ങിയ ഹിന്ദി ആക് ഷൻ ത്രില്ലറുകളിൽ അഭിനയിച്ചിട്ടുള്ള ക്രിസനെ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞുവച്ചതായി കുടുംബാംഗങ്ങളും അഭിഭാഷകരും അറിയിക്കുകയായിരുന്നു. നടി ലഹരിമരുന്ന് കടത്ത് കേസിൽ ഷാർജയിൽ തടവിലാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പിന്നീട് സ്ഥിരീകരിച്ചു.
ദുബായിൽ ഹോളിവുഡ് പരമ്പരയുടെ ചിത്രീകരണം നടക്കുന്നുണ്ടെന്ന് പറഞ്ഞ നടി ഓഡിഷനാണ് ഇവിടെയെത്തിയത്. ട്രോഫിയിൽ ലഹരിമരുന്ന് ഒളിപ്പിച്ച് രണ്ട് പേർ ചേർന്ന് മകളെ കബളിപ്പിച്ചതാണെന്നും ലഹരിമരുന്നിനെക്കുറിച്ച് മകള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നടിയുടെ മാതാവ് വ്യക്തമാക്കി. കുടുംബം നൽകിയ പരാതിയെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട രാജേ് ബൊറാത്തെ, ആന്‍റണി പോൾ എന്നിവരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് ആക്‌ട് പ്രകാരം മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഈ വർഷം മാർച്ചിൽ ഒരു ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിൽ നിന്നുള്ള ഒരാൾ ക്രിസനെ പരിചയപ്പെട്ടു. ദുബായിൽ ഹോളിവുഡ് സീരീസ് ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇതിൽ പങ്കെടുക്കാനായി അയാൾ ക്രിസന് എയർ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും അയച്ചുകൊടുത്തു, കൂടാതെ ചെറിയ സ്വർണനിറത്തിലുള്ള ഒരു ട്രോഫി കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഷാർജയിൽ അവൾ കണ്ടുമുട്ടുന്ന ഒരാൾക്ക് അതു കൈമാറണമെന്നായിരുന്നു നിർദേശം.
വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപാണ് അയാൾ ട്രോഫിയെക്കുറിച്ച് പറഞ്ഞതും കൈമാറിയതും. അതിനാൽ നടി ഇത് ബാഗിലാണ് വച്ചത്. ഈ ട്രോഫിയിൽ ലഹരിമരുന്ന് ഉണ്ടായിരുന്നു. നടി ലഹരിമരുന്നുമായി വരുന്നുണ്ടെന്ന് ഷാർജ പൊലീസിന് വിവരം കിട്ടി. ഇതോടെ നടിയെ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആന്‍റണിയും ക്രിസനും തമ്മിൽ ഒരു നായ്ക്കുട്ടിയെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതാണ് ചതിക്ക് കാരണമായത്. മുംബൈ പൊലീസ് ഷാർജ പൊലീസിനെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു. ക്രിസനെ തടവിൽ നിന്ന് മോചിപ്പിച്ചിരുന്നെങ്കിലും ഇവരുടെ പാസ്പോർട്ട് കേസന്വേഷണം തീരുംവരെ കോടതി പിടിച്ചുവച്ചു.
ലഹരിമരുന്ന് കൈവശം വയ്ക്കുന്നത് യുഎഇയിൽ കുറ്റകരമാണ്. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് കേസിന്‍റെ സ്വഭാവം മാറും. വ്യക്തിഗത ആവശ്യത്തിന് കൈവശം വയ്ക്കുന്നതിനും ശിക്ഷ പിഴയോ തടവോ ആണ്. 100 ഗ്രാം വരെ കൈവശം വച്ചാൽ 10 വർഷം തടവും 22 ലക്ഷത്തിലേറെ രൂപ( 100,000 ദിർഹം) പിഴയും ലഭിക്കും.
100 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് ലഹരിമരുന്ന് കടത്തലായി കണക്കാക്കുകയും ജീവപര്യന്തം തടവും കുറഞ്ഞത് 5 ലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്യും. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിദേശികളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. എന്നാൽ, ക്രിസൻ കൊണ്ടുവന്ന ട്രോഫി ലബോറട്ടറി പരിശോധിച്ചപ്പോൾ 41.7 ഗ്രാം ഭാരമുള്ള രണ്ട് പ്ലാസ്റ്റിക് ബാഗുകളിൽ കഞ്ചാവ്, ഹെംപ് റെസിൻ, ചണച്ചെടികൾ, പോപ്പി വിത്തുകൾ എന്നിവ ഉണ്ടായിരുന്നു.
Post a Comment