ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ;ആക്രമിച്ച് ഹെഡ്, നിലയുറപ്പിച്ച് സ്മിത്തും; ഓവലില്‍ ഓസ്ട്രേലിയന്‍ ആധിപത്യം

(www.kl14onlinenews.com)
(Jun-07-2023)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ;ആക്രമിച്ച് ഹെഡ്, നിലയുറപ്പിച്ച് സ്മിത്തും; ഓവലില്‍ ഓസ്ട്രേലിയന്‍ ആധിപത്യം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ആധിപത്യം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 327-3 എന്ന നിലയിലാണ് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്ത് (95), ട്രാവിസ് ഹെഡ് (146) എന്നിവരാണ് ക്രീസില്‍.

സെഷന്‍ ഒന്ന്: ഓസ്ട്രേലിയന്‍ പ്രതിരോധം

ടോസ് നഷ്ടപ്പെട്ട് ഓവലിലെ ദുഷ്കരമായ പിച്ചില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കം പാളുകയായിരുന്നു. മുഹമ്മദ് ഷമി – മുഹമ്മദ് സിറാജ് സഖ്യത്തിന്റെ കൃത്യതയാര്‍ന്ന ബോളിങ്ങിന് മുന്നില്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖാവാജയും ഓവലിലെ തണപ്പില്‍ പോലും വിയര്‍ക്കുകയായിരുന്നു.

ആദ്യ വിക്കറ്റ് വീഴാന്‍ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നത് നാല് ഓവര്‍ മാത്രം. സിറാജിന്റെ പന്തില്‍ ഡിഫന്‍സിന് ശ്രമിച്ച ഖവാജ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലൊതുങ്ങി. പത്ത് പന്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു ഖവാജയുടെ മടക്കം. മോശം ഫുട്ട്വര്‍ക്കായിരുന്നു താരത്തിന് തിരിച്ചടിയായത്.

മൂന്നാമനായി ലെബുഷെയിന്‍ എത്തിയതോടെ കളിമാറി. ഷമിയുടേയും സിറാജിന്റേയും കൃത്യതയാര്‍ന്ന ബോളിങ്ങിനെ അതിജീവിക്കുക എന്ന വെല്ലുവിളി ലെബുഷെയിനും വാര്‍ണറും ഏറ്റെടുത്തു. ഇരുവരുടേയും ആദ്യ സ്പെല്‍ അവസാനിക്കുന്ന വരെ കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. എന്നാല്‍ ഉമേഷ് യാദവും ശാര്‍ദൂല്‍ താക്കൂറുമെത്തിയതോടെ ഇരുവരും സ്കോറിങ്ങിന് വേഗം കൂട്ടി.

ഉമേഷ് യാദവിനെ ഒരു ഓവറില്‍ തുടരെ മൂന്ന് തവണയാണ് വാര്‍ണര്‍ ബൗണ്ടറി കടത്തിയത്. ലെബുഷെയിനെതിരെ രണ്ട് തവണ എല്‍ബിഡബ്യു റിവ്യു ഇന്ത്യ നടത്തിയെങ്കിലും പാഴായി. ഒരു റിവ്യു ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. ഓസ്ട്രേലിയ കരുത്താര്‍ജിക്കെയാണ് ശാര്‍ദൂല്‍ വാര്‍ണറിനെ വീഴ്ത്തിയത്.

60 പന്തില്‍ 43 റണ്‍സെടുത്ത വാര്‍ണര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. എട്ട് ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്സിലുണ്ടായി. 108 പന്തുകള്‍ അതിജീവിച്ച കൂട്ടുകെട്ടില്‍ 69 റണ്‍സായിരുന്നു പിറന്നത്. ആദ്യ ഇടവേളയ്ക്ക് മുന്‍പ് കൂടുതല്‍ അപകടം ഉണ്ടാകാതെ നോക്കാന്‍ ലെബുഷെയിനും സ്റ്റീവ് സ്മിത്തിനുമായി.

സെഷന്‍ മൂന്ന്: ഹെഡ് – സ്മിത്ത് ആധിപത്യം

മൂന്നാം സെഷനില്‍ തിരിച്ചുവരവ് സ്വപ്നം കണ്ട ഇന്ത്യയെ കാത്തിരുന്നത് ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ഹെഡായിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒരു പഴുതും നല്‍കാതെയായിരുന്നു ഹെഡിന്റേയും സ്മിത്തിന്റേയും ബാറ്റിങ്. 170-3 എന്ന നിലയില്‍ അവസാന സെഷന്‍ ആരംഭിച്ച ഓസീസ് ബാറ്റര്‍മാര്‍ കലാശപ്പോരില്‍ തങ്ങള്‍ തന്നെയായിരിക്കും രാജാവെന്ന് ഊട്ടിയുറപ്പിച്ചു.

വൈകാതെ തന്നെ സ്മിത്ത് അര്‍ദ്ധ സെഞ്ചുറി നേടി. ക്ഷമയുടേയും കരുതലിന്റേയും ഇന്നിങ്സ്, 144 പന്തുകളില്‍ നിന്നായിരു്നു നേട്ടം. 60 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഹെഡിന് മൂന്നക്കത്തിലേക്ക് കടക്കാന്‍ ആവശ്യമായത് കേവലം 46 പന്തുകള്‍ മാത്രമായിരുന്നു. ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയില്‍ 14 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടു.

സെഞ്ചുറിയും അര്‍ദ്ധ സെഞ്ചുറിയും താരങ്ങള്‍ പിന്നിട്ടതോടെ സ്കോറിങ്ങിന്റെ വേഗത ഒന്നുകൂടി വര്‍ധിച്ചു. ആദ്യ ദിനം കളിയവസാനിച്ചപ്പോള്‍ ഹെഡ് 146 റണ്‍സെടുത്താണ് പുറത്താകാതെ നില്‍ക്കുന്നത്. സ്മിത്ത് 95 റണ്‍സിലും. 251 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ത്തത്.

സെഷന്‍ രണ്ട്: ഹെഡ് കരുത്തില്‍ ഓസ്ട്രേലിയ

രണ്ടാം സെഷന് ഉജ്വല തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ 26 റണ്‍സെടുത്ത ലെബുഷെയിനെ പറഞ്ഞയച്ചു മുഹമ്മദ് ഷമി. മത്സരത്തിലേക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരുന്നു അത്. നായകന്‍ രോഹിതിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു അഞ്ചാമനായി എത്തിയ ട്രാവിസ് ഹെഡ്.

സ്റ്റീവ് സ്മിത്ത് പ്രതിരോധത്തില്‍ ഊന്നിയപ്പോള്‍ ഹെഡ് ആക്രമിച്ച് കളിച്ചു. ഷമി, സിറാജ്, ശാര്‍ദൂല്‍, ഉമേഷ് തുടങ്ങിയ ഇന്ത്യന്‍ പേസ് ബോളര്‍മാരെല്ലാം ഹെഡിന്റെ ബാറ്റിന്റ് ചൂടറിഞ്ഞു. കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ഹെഡ്. അനായാസം ബൗണ്ടറികള്‍ ഹെഡ് നേടിക്കൊണ്ടിരുന്നു.

കേവലം 60 പന്തിലായിരുന്നു ഹെഡ് ഫൈനലിലെ അര്‍ദ്ധ സെഞ്ചുറി കുറിച്ചത്. ഹെഡ് ആക്രമണം തുടര്‍ന്നെങ്കിലും മോശംം പന്തുകളെ മാത്രം ശിക്ഷിച്ചായിരുന്നു സ്മിത്തിന്റെ ബാറ്റിങ്. രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സായിരുന്നു ഓസ്ട്രേലിയ നേടിയത്. കൂട്ടുകെട്ട് നൂറിലേക്ക് അടുക്കുമ്പോള്‍ ഓസ്ട്രേലിയ ശക്തമായ നിലയിലേക്കും നീങ്ങുകയാണ്.

Post a Comment

Previous Post Next Post