(www.kl14onlinenews.com)
(Jun-15-2023)
തർക്കങ്ങൾക്ക് വിരാമം;ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്തും
മുംബൈ:ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ നടക്കും. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികൾ പാക്കിസ്ഥാനിൽ നടത്തും. പാക്കിസ്ഥാൻ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡൽ പ്രകാരമാണ് ഏഷ്യാകപ്പ് നടത്തുന്നത്. ആകെ 13 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യയുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് ഏഷ്യാകപ്പിലെ പ്രധാന മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തുന്നത്. മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ തുടക്കം മുതൽ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം പാക്കിസ്ഥാനു പുറത്തുനടത്താമെന്ന ‘ഹൈബ്രിഡ് മോഡല്‍’ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ചു. ഇതും ബിസിസിഐ അംഗീകരിച്ചിരുന്നില്ല. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുകളും ഹൈബ്രിഡ് മോഡലിനെ എതിർത്തു. മാസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഏഷ്യാകപ്പ് വേദി സംബന്ധിച്ച് അന്തിമ പ്രഖ്യാപനം വന്നത്.
ഏഷ്യാകപ്പ് നഷ്ടമായാൽ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് അടക്കം ബഹിഷ്കരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു. ഐസിസി പ്രതിനിധികൾ പാക്കിസ്ഥാനിലെത്തിയാണ് പാക്ക് ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേഥിയെ അനുനയിപ്പിച്ചത്.
Post a Comment