(www.kl14onlinenews.com)
(Jun-10-2023)
കാസർകോട് : റെയിൽവേയുടെ മൺസൂൺ സമയക്രമം ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കാസർകോടിനു യാത്രാ ദുരിതം വീണ്ടും വർധിക്കും. കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ മൺസൂൺ കാല സമയക്രമത്തിലാണ് ഇന്നു മുതൽ സർവീസ് നടത്തുക. ഒക്ടോബർ 31 വരെയാണ് ഈ സമയക്രമം.
കോഴിക്കോട് ഭാഗത്തു നിന്ന് കാസർകോടേക്ക് നിലവിൽ തന്നെ ട്രെയിൻ യാത്രാ സൗകര്യം അപര്യാപ്തമാണ്. പല ട്രെയിനുകളും കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്നതിനാൽ കോഴിക്കോടു നിന്ന് യാത്രക്കാർക്ക് കാസർകോടെത്താൻ സാധിക്കാതെ വരുന്നു. മൺസൂൺ സമയക്രമം വരുന്നതോടെ ഈ ദുരിതം ഇരട്ടിക്കും.
കോഴിക്കോട് നിന്ന് വൈകിട്ട് വണ്ടി കുറയും
വൈകിട്ട് 6.05ന് കോഴിക്കോട് നിന്നു പുറപ്പെട്ടിരുന്ന നേത്രാവതി എക്സ്പ്രസ് ഇന്നു മുതൽ വൈകിട്ട് 5.10നാണു പുറപ്പെടുക. വൈകിട്ട് 5.10ന് കോഴിക്കോടു നിന്നു പുറപ്പെട്ടിരുന്ന മംഗള എക്സ്പ്രസ് വളരെ നേരത്തേ ഉച്ചയ്ക്ക് 2.45ന് യാത്രയാരംഭിക്കും. ഇതേ സമയത്ത് കോഴിക്കോട് നിന്ന് വിടുന്ന എഗ്‌മോർ–മംഗളൂരു എക്സ്പ്രസിന്റെ സമയക്രമം മാറ്റിയിട്ടില്ല. ഒരേ സമയത്ത് ഒരേ ദിശയിലേക്ക് ഒരേ സ്റ്റേഷനിൽ നിന്ന് 2 ട്രെയിനുകൾ പുറപ്പെടുന്ന സ്ഥിതിയാവും. എഗ്‌മോർ–മംഗളൂരു വണ്ടിയെ കുറെനേരം ഇടയ്ക്ക് പിടിച്ചിടുന്നതാണ് മുൻ വർഷങ്ങളിലെ പതിവ്. ഇതിനു പുറമെ കൊങ്കൺ റൂട്ടിൽ കാസർകോട് വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ട്രെയിനുകളും കാസർകോടെത്തുന്നതു വൈകും.
കണ്ണൂരിൽ നിന്ന് ട്രെയിനുകൾ കാസർകോടേക്ക് നീട്ടണം
പ്രശ്നം പരിഹരിക്കാൻ കണ്ണൂർ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരു വരെ നീട്ടണമെന്നാണ് ഒരു ആവശ്യം. കോഴിക്കോട് നിന്ന് കണ്ണൂരിലെത്തി സർവീസ് അവസാനിപ്പിക്കുന്ന വൈകിട്ടത്തെ കോയമ്പത്തൂർ പാസഞ്ചർ, രാത്രിയിലെ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ് എന്നിവ കാസർകോടേക്ക് നീട്ടണമെന്നാണ് ആവശ്യം. അല്ലെങ്കിൽ പുതിയൊരു വണ്ടി വൈകിട്ട് 6നു ശേഷം കോഴിക്കോട് നിന്ന് കാസർകോട്- മംഗളൂരു വരെ സർവീസ് നടത്തിയാലും പ്രശ്നത്തിനു പരിഹാരമാവുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മൺസൂൺ സമയ സമയക്രമം ഇങ്ങനെ
∙ വൈകിട്ട് 6.05നു കോഴിക്കോട് വിട്ടിരുന്ന നേത്രാവതി എക്സ്പ്രസ്സ് ഇന്ന് മുതൽ 5.10ന് പുറപ്പെടും.
∙ വൈകിട്ട് 5.10ന് കോഴിക്കോട് വിട്ടിരുന്ന മംഗള എക്സ്പ്രസ്സ് ഉച്ചയ്ക്ക് 2.45നു കോഴിക്കോട് വിടും.
∙കൊങ്കൺ റൂട്ടിൽ കാസർകോട് വഴി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ട്രെയിനുകൾ കാസർകോടെത്തുന്നതു വൈകും.
Post a Comment