(www.kl14onlinenews.com)
(Jun-06-2023)
മലപ്പുറം: എലത്തൂര്‍, കണ്ണൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെ കൊയിലാണ്ടിയിലും ട്രെയിൻ തീവയ്ക്കാന്‍ ശ്രമം. തുടർച്ചയായി നടക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി കെടി ജലീല്‍. ട്രെയിനിന് തീയിട്ട് സംഘികള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് ‘മാനസിക രോഗികള്‍’ ഇനിയും വരുമെന്നും അതില്‍ ജാഗ്രത പാലിക്കണമെന്നും ജലീല്‍ പ്രതികരിച്ചു.
കെടി ജലീലിന്റെ വാക്കുകൾ ഇങ്ങനെ,
ട്രെയിൻ തീയ്യിടല്‍ യജ്ഞം! ട്രെയിനിന് തീയ്യിട്ട് സംഘികള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് ‘മാനസിക രോഗികള്‍’ ഇനിയും വരും. ജാഗ്രതൈ. എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രൈനിന് തീവെക്കാന്‍ നീക്കം നടന്നതായി വാര്‍ത്ത. ‘ഒരാള്‍’ പിടിയില്‍? പിടിക്കപ്പെട്ടയാള്‍ക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തല്‍ക്കാലം ‘പേരക്ക’ എന്നു ഇടാം! കേന്ദ്രസര്‍ക്കാരിനു കീഴിലെ അന്വേഷണ ഏജന്‍സികള്‍ക്ക് കടന്ന് വരാനാകുമോ ഈ ‘മനോരോഗികള്‍’ ട്രെയിനിന് തീവെക്കാന്‍ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാന്‍ ഒരു ‘പ്രത്യേക’ മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?’
കേരളം ഇന്ത്യയുടെ മതേതര തുരുത്താണ്. ഇടതുപക്ഷം അതിന്റെ കാവല്‍ക്കാരും. സംഘികള്‍ തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ. അത് പിണറായി വിജയനാണ്. അദ്ദേഹം ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷവും കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്നത്. ആ സ്വസ്ഥത തകര്‍ക്കാന്‍ പല അടവുകളും പയറ്റി. ഒന്നും നടന്നില്ല. ഇപ്പോഴിതാ ‘ട്രൈന്‍ കത്തിക്കല്‍ യജ്ഞ’വുമായി ‘ചിലര്‍’ ഇറങ്ങിത്തിരിച്ചിരിക്കുന്നു. കോടതി വിധിയുടെ ചുളുവില്‍ സെന്‍കുമാര്‍ ഡി.ജി.പിയായ സംസ്ഥാനമാണ് കേരളം. അന്ന് അതിനായി നിയമസഭയില്‍ ഘോരഘോരം വാദിച്ചത് സാക്ഷാല്‍ രമേശ് ചെന്നിത്തലയും ഡോ: എം.കെ മുനീറും. സര്‍ക്കാരിന്റെ ഇഷ്ടക്കാരെ നോക്കി പോലീസ് തലപ്പത്ത് വെക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. സീനിയോരിറ്റി ഉള്‍പ്പടെ പലപല മാനദണ്ഡങ്ങളും അതിനുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിന് സര്‍ക്കാരല്ല ഉത്തരവാദി. പറയുന്ന വ്യക്തികളാണ്.’
‘കേരളത്തില്‍ ശരാശരി 14% വോട്ടുള്ളവരാണ് സംഘികള്‍. ആ പ്രതിനിധ്യം അവര്‍ക്കെല്ലാ മേഖലകളിലും കാണും. യു.ഡി.എഫ് കാലം അവര്‍ക്ക് ചാകരയാണ്. എല്‍.ഡി.എഫ് വന്നാല്‍ കഷ്ടകാലവും. മാറാടും ചാലയും തലശ്ശേരിയും വര്‍ഗീയ കലാപത്തില്‍ ആളിക്കത്തിയത് യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. അതാരും മറക്കണ്ട. അസൂയയും കുശുമ്പും മൂത്തുള്ള തലമറന്ന എണ്ണ തേക്കല്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് ലീഗ് സുഹൃത്തുക്കള്‍ നെഞ്ചത്ത് കൈവെച്ച് ആലോചിച്ചാല്‍ നല്ലതാണ്. കോണ്‍ഗ്രസ്സ് തള്ളുന്നത് കേട്ട് ലീഗ് തുള്ളാന്‍ നിന്നാല്‍ പൊട്ടക്കിണറ്റില്‍ നിപതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അവര്‍ക്ക് ത്രിവര്‍ണ്ണം വലിച്ചെറിഞ്ഞ് കാവിപുതക്കാന്‍ അധികസമയം വേണ്ടിവരില്ല. ഹരിതക്കാരുടെ സ്ഥിതി അതാണോ? പിണറായി വിരോധം മൂത്ത് ‘മാനസിക രോഗം’ വരാതെ നോക്കിയാല്‍ ലീഗിന് നന്നു.’
Post a Comment