സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പണി പോകാം; പെരുമാറ്റചട്ടം ഭേദഗതി ചെയ്യുന്നു


(www.kl14onlinenews.com)
(Jun-11-2023)

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ പണി പോകാം; പെരുമാറ്റചട്ടം ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം :
സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റചട്ടം ഭേദഗതി ചെയ്യുന്നു. സൈബര്‍ നിയമങ്ങളുള്‍പ്പെടെ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. ജീവനക്കാരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കൂടിയതോടെയാണ് സര്‍ക്കാര്‍ നടപടി. കാലം മാറിയതിനനുസരിച്ച് ജീവനക്കാരുടെ പെരുമാറ്റചട്ടം മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. 1968 ലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം നിലവില്‍ വന്നത്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.


നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ നിയമത്തിന്‍റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികം ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഭരണപരിഷ്കാര വകുപ്പ് നല്‍കിയ ഫയല്‍ ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം ക്യാബിനറ്റിലെത്തിയശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫെയ്സ്ബുക്ക്, ഇന്‍സ്ററഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍ വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.

Post a Comment

Previous Post Next Post