യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ കുത്തിക്കൊന്നു 2023

(www.kl14onlinenews.com)
(June-26-2023)

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ കുത്തിക്കൊന്നു

ബദിയടുക്ക :ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന്‍ സന്ദീപാണ് (27) കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ബദിയടുക്ക പൊലീസ്, പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന്‍ പവന്‍രാജിനെ കസ്റ്റഡിയിലെടുത്തു. സന്ദീപിന്റെ തറവാട് വീട് കജംപാടിയിലാണ്.

സന്ദീപിന്റെ ഇളയമ്മയുടെ മകളെ പവന്‍ രാജ് ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാന്‍ ഇന്നലെ വൈകിട്ട് സന്ദീപ് കജംപാടിയിലെത്തുകയും പവന്‍രാജുമായി സംസാരിച്ച് തർക്കമുണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ പ്രകോപിതനായ പവന്‍രാജ് സന്ദീപിനെ കത്തികൊണ്ട് കുത്തി.

സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന്‍ രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. ഇത് സന്ദീപ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച സന്ദീപ് കജംപാടിയിലേക്ക് എത്തിയ വിവരം അറിഞ്ഞ് റോഡില്‍ കത്തിയുമായി കാത്തുനിന്ന പവന്‍രാജ് ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് അക്രമിച്ചത്. സന്ദീപിന് കഴുത്തില്‍ രണ്ടുതവണ കുത്തേറ്റു.

ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. കസ്റ്റഡിയിലുള്ള പവന്‍രാജിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ദീപിന്റെ സഹോദരങ്ങള്‍: സതീഷ്, ലതീഷ്, സന്തോഷ്, സജിത.

Post a Comment

Previous Post Next Post