ഇന്ത്യയില്‍ ഏക സിവില്‍ കോഡ് ഒരിക്കലും നടപ്പിലാക്കാനാവില്ല'; മുസ്ലിം ലീഗ്

(www.kl14onlinenews.com)
(June-28-2023)

'ഇന്ത്യയില്‍ ഏക സിവില്‍ കോഡ് ഒരിക്കലും നടപ്പിലാക്കാനാവില്ല'; മുസ്ലിം ലീഗ്
രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനാവില്ലെന്ന് മുസ്ലിം ലീഗ്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് നേതൃയോഗത്തിനു ശേഷം മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.

"വ്യത്യസ്തമായ ആചാരങ്ങളും മതനിയമങ്ങളും വിശ്വാസങ്ങളുമുള്ള നാടാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേ സിവില്‍ നിയമം എന്നത് പ്രായോഗികമല്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമോയെന്ന പ്രധാനമന്ത്രിയുടെ ഭയമാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഷയം എടുത്തിട്ടതിനു പിന്നില്‍. തിരഞ്ഞെടുപ്പിനായി ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി തന്റെ പെര്‍ഫോമന്‍സ് റെക്കോര്‍ഡ് മോശമായിരുന്നുവെന്ന് മോദിക്കറിയാം. അതുകൊണ്ട് ഒരു തുരുപ്പ് ചീട്ട് ഇറക്കിനോക്കുകയാണ് " - ലീഗ് നേതാക്കള്‍ പറഞ്ഞു.

"പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിപ്പിന്റെ പാതയിലാണ്. അതു പ്രധാനമന്ത്രി പ്രതീക്ഷിക്കാത്ത കാര്യമാണ്. പ്രതിപക്ഷത്തിന്റെ ഐക്യം പ്രധാനമന്ത്രിക്ക് അലോസരമുണ്ടാക്കുന്നുണ്ട്. മറ്റൊന്ന് കര്‍ണാടക തിരഞ്ഞെടുപ്പു ഫലമാണ്. വര്‍ഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കലും അടക്കം എല്ലാം ശ്രമിച്ചു നോക്കിയതാണ്, അവിടെ. മോദിയുടെ വ്യക്തിപ്രഭാവവും കര്‍ണാടകയില്‍ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മോദി ഏക സിവില്‍ കോഡ് എടുത്തിടുന്നത്"- ലീഗ് നേതാക്കള്‍ പറഞ്ഞു.

"മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്? അതിലൊന്നും ഒരഭിപ്രായവും പറയാത്ത പ്രധാനമന്ത്രിയാണ് ഏക സിവില്‍ കോഡിനെക്കുറിച്ചു സംസാരിക്കുന്നത്. ലീഗ് എല്ലാക്കാലത്തും ഏക സിവില്‍ കോഡ് എന്ന ആശയത്തെ എതിര്‍ത്തിട്ടുണ്ട്. സമൂഹത്തിലെ ഒരുപാടാളുകള്‍ അതില്‍ ലിഗിനൊപ്പമുണ്ടാവും. ഏക സിവില്‍ കോഡ് ഒരു മുസ്ലിം വിഷയമേ അല്ല, മോദി ഇതിനെ അങ്ങനെയാണ് കാണുന്നതെങ്കിലും. ഇന്ത്യയിലെ മുഴുവന്‍ വൈവിധ്യങ്ങളെയും അപകടത്തിലാക്കുന്ന വിഷയമാണിത്. ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. ഭരണഘടനാ വിരുദ്ധമായയ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ആശയ വിനിയമം നടത്തുമെന്ന്"- ലീഗ് നേതാക്കള്‍ പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post