മകളെ കൊന്നത് പോലെ ഭാര്യയേയും ശ്രീമഹേഷ് കൊലപ്പെടുത്തിയതോ? – സംശയവുമായി വിദ്യയുടെ മാതാപിതാക്കൾ

(www.kl14onlinenews.com)
(Jun-09-2023)

മകളെ കൊന്നത് പോലെ ഭാര്യയേയും ശ്രീമഹേഷ് കൊലപ്പെടുത്തിയതോ? – സംശയവുമായി വിദ്യയുടെ മാതാപിതാക്കൾ
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. ആത്മഹത്യ ആണെന്നായിരുന്നു റിപ്പോർട്ട്. ഇതിലാണ് ഇപ്പോൾ സംശയം പ്രകടിപ്പിച്ച് വിദ്യയുടെ മാതാപിതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. മകളുടേത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായി അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

അതേസമയം, ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്

വിദ്യയുടെ മരണശേഷം മഹേഷ് മറ്റൊരു വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥ മഹേഷുമായുള്ള രണ്ടാം വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചെന്നാണ് പോലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ മോശം സ്വഭാവമാണ് പോലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.


ശാപവാക്കുകളുമായി നാട്ടുകാർ; ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിന് നിങ്ങൾക്കെന്താ?’ – നാട്ടുകാരോട് ശ്രീമഹേഷ്

മാവേലിക്കരയിൽ നാല് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം പ്രതി ശ്രീമഹേഷ് മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയത്തിൽ പോലീസ്. കൊലപാതകവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ശ്രീമഹേഷിനെ ബലം പ്രയോഗിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇയാളുടെ ക്രൂരതയിൽ ഞെട്ടിയ നാട്ടുകാർ ശാപവാക്കുകളുമായിട്ടായിരുന്നു പ്രതിയെ സ്വീകരിച്ചത്.

ആശുപത്രിയിൽ തടിച്ചുകൂടിയ ജനം മഹേഷിനെ പ്രാരുകയും ശപിക്കുകയും ചെയ്തു. ഇതോടെ ഇവരോട് മഹേഷ് കയർത്തു സംസാരിച്ചു. തന്നെ ശപിച്ചവരോട്, ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നായിരുന്നു ശ്രീമഹേഷ് പ്രതികരിച്ചത്. തെളിവെടുപ്പിനെത്തിച്ചപ്പോഴും പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. പോലീസുകാരോട് നന്നായി സഹകരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു വീട്ടിൽ തെളിവെടുപ്പിനായി മഹേഷിനെ എത്തിച്ചത്. മകളുടെ കഴുത്തറത്ത സിറ്റ് ഔട്ടിൽ രക്തം തളംകെട്ടി കിടക്കുന്നിടത്തേക്ക് ചൂണ്ടിക്കാണിക്കുമ്പോഴും കൈകൾ വിറച്ചില്ല. സംസാരം ഇടറിയില്ല. വീടിനുള്ളിൽ കയറിയ ശേഷം മുറികൾക്കുള്ളിലും നക്ഷത്ര കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും ഇയാളെ എത്തിച്ച് തെളിവെടുത്തു.

Post a Comment

Previous Post Next Post