(www.kl14onlinenews.com)
(Jun-04-2023)
മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള മലയാളി ഹാജിമാരുടെ ആദ്യ സംഘം കണ്ണൂരിൽ നിന്ന് മക്കയിലെത്തി. ഐഎക്സ് 3027 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് രാവിലെ അഞ്ചോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയത്. 73 പുരുഷൻമാരും 72 വനിതകളുമുൾപ്പെടുന്ന ആദ്യ സംഘത്തിൻറെ നടപടികളെല്ലാം പൂർത്തിയാക്കി.
ജിദ്ദ ഹജ് ടെർമിനലിൽ ഹാജിമാരെ സഹായിക്കാൻ ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം മലയാളി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു. കരിപ്പൂരിൽ നിന്ന് രാവിലെ പുറപ്പെട്ട മറ്റൊരു വിമാനത്തിലെ ഹാജിമാർ രാവിലെ 8.25ന് ജിദ്ദയിലെത്തി. മക്കയിലെത്തിയ ഹാജിമാരെ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു.
ലഘു ഭക്ഷണങ്ങളും ഈന്തപ്പഴവും മധുരവും കഞ്ഞിയും വിളമ്പി. കുടുംബങ്ങളായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ തീർഥാടകർക്ക് ആശ്വാസമായി. വിവിധ മലയാളി സംഘടനകൾക്ക് കീഴിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ സജീവമായി സേവനരംഗത്തുണ്ടായിരുന്നു. ശേഷം നാട്ടിൽ നിന്നെത്തിയ ഹജ് വൊളൻ്റിയർമാരുടെ കീഴിൽ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു. അസീസിയയിലെ ബിൽഡിങ് നമ്പർ 260 ലാണ് ആദ്യ സംഘത്തിലെ തീർഥാടകരെ താമസിപ്പിച്ചിരിക്കുന്നത്. ഹജിനു ശേഷമായിരിക്കും മലയാളി തീർഥാടകരുടെ മദീന സന്ദർശനം
إرسال تعليق