'പ്രേതങ്ങളെ ഭയം' ഒഡീഷയിലെ താല്‍കാലിക മോര്‍ച്ചറിയായ സ്‌കൂള്‍ പൊളിച്ചു

(www.kl14onlinenews.com)
(Jun-09-2023)

'പ്രേതങ്ങളെ ഭയം' ഒഡീഷയിലെ താല്‍കാലിക മോര്‍ച്ചറിയായ സ്‌കൂള്‍ പൊളിച്ചു
ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂള്‍ പൊളിച്ചുനീക്കി. ബഹാനാഗയിലെ 65 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. 'പ്രേതങ്ങളെ' ഭയന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ് പുനരാരംഭിക്കാന്‍ വിസമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ലെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌കൂളിലെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മടിക്കുന്നതായും ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി (എസ്എംസി) ഒഡീഷ സര്‍ക്കാരിനോട് കെട്ടിടം പൊളിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

പൂജ നടത്തും

'ഞങ്ങളുടെ സ്‌കൂള്‍ പരിസരം നിറയെ ശവശരീരങ്ങളായിരുന്നു. ചിതറിക്കിടക്കുന്ന ആ മൃതദേഹങ്ങളുടെ ഭയാനകമായ ചിത്രങ്ങള്‍ മറക്കാനാവില്ല. മിക്കവാറും എല്ലാ ശരീരങ്ങളും തലയും കൈകാലുകളുമില്ലാത്തവയായിരുന്നു. കുടല്‍ പോലും ദൃശ്യമായിരുന്നു.' ബഹനാഗ ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു. 288 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടര്‍ന്ന് സ്‌കൂളിനെ താല്‍ക്കാലിക മോര്‍ച്ചറിയായാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാഗം മാത്രമാണ് പൊളിച്ചത്. തിരിച്ചറിയാന്‍ ബന്ധുക്കളെത്തുന്നത് കാത്ത് മൃതദേഹങ്ങള്‍ രണ്ട് ദിവസത്തോളം അവിടെ സൂക്ഷിച്ചിരുന്നു. സ്‌കൂള്‍ പരിസരം പൂജ നടത്തി ശുദ്ധീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. പൂജയ്ക്കുശേഷം എല്ലാ ശരിയാകുമെന്ന പ്രതീക്ഷയും വിദ്യാര്‍ഥികള്‍ പങ്കുവെച്ചു.

മോഡല്‍ സ്‌കൂള്‍ നിര്‍മിക്കും

65 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നതിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അനുമതി നല്‍കിയത്. സ്‌കൂള്‍ പൊളിച്ചുനീക്കി മാതൃകാ സ്‌കൂള്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും അദ്ദേഹം അംഗീകരിച്ചു. ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഡിജിറ്റല്‍ ക്ലാസ് മുറികള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് മോഡല്‍ സ്‌കൂള്‍ നിര്‍മ്മിക്കുക. മോര്‍ച്ചറിയായി ഉപയോഗിച്ച ഭാഗം മാത്രമേ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പൊളിക്കുകയുള്ളൂവെന്ന് ബാലസോര്‍ കളക്ടര്‍ ഷിന്‍ഡേ ദത്താത്രയ് പറഞ്ഞു.

Post a Comment

Previous Post Next Post