എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺ​ഗ്രസുകാരായ നേതാക്കൾ: വി.ഡി.സതീശൻ

(www.kl14onlinenews.com)
(Jun-10-2023)

എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺ​ഗ്രസുകാരായ നേതാക്കൾ: വി.ഡി.സതീശൻ
തിരുവനന്തപുരം: തനിക്കെതിരെ പടയൊരുക്കമെന്ന് വാർത്ത കൊടുത്തത് കോൺഗ്രസ് നേതാക്കളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎമ്മുമായി അവർ ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അക്കാര്യം പാർട്ടി ദേശീയ നേതൃത്വം പരിശോധിക്കട്ടെ. ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെ. ആരോടും വഴക്കിടാനോ മറുപടി പറയാനോ ഇല്ലെന്നും സതീശൻ പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. എല്ലാവരും അക്കാര്യം ഓർക്കണം. കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പ് യോഗം ഇല്ല. അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വാർത്തയാകുന്നത്. പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ് വേണ്ടെന്നും താനും ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു

പറവൂർ മണ്ഡലത്തിലെ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചും സതീശൻ പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് ഞാന്‍ തന്നെയാണ്. പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്നു കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് എനിക്കെതിരായ കേസ്. യുഎസില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. ഞാന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെയെന്നും സതീശൻ പരിഹസിച്ചു.

സ്വന്തം മണ്ഡലമായ പറവൂരിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി ആവിഷ്കരിച്ച ‘പുനർജനി’ പദ്ധതിക്കു വേണ്ടി വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നൽകിയത്.

പരീക്ഷാ വിവാദത്തിൽ പ്രതികളെ അറസ്റ്റ്ചെയ്തിട്ടില്ലെന്നും ഈ വിഷയത്തിൽ മഹാരാജാസ് പ്രിൻസിപ്പൽ മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. വ്യാജസർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു.

Post a Comment

Previous Post Next Post