(www.kl14onlinenews.com)
(June-24-2023)
ക്രിക്കറ്റിൽ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച സുരേഷ് റെയ്ന, ഭക്ഷണമേഖലയിൽ ഒരുകൈ പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്ന താരം പലവിഭവങ്ങളും തയാറാക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ സ്വന്തമായൊരു ഭക്ഷണയിടം തന്നെ അവതരിപ്പിച്ചിരിക്കുകയാണ് റെയ്ന. ആംസ്റ്റർഡാമിലാണ് റെയ്ന പുത്തൻ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്.
റെയ്ന, കലിനറി ട്രഷേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിലാണ് റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. സാമൂഹികമാധ്യമത്തിലൂടെ അതേക്കുറിച്ച് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് താരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തനതായ രുചികൾ യൂറോപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെസ്റ്റോറന്റ് തുടങ്ങിയതെന്ന് റെയ്ന കുറിച്ചു.
ഉത്തരേന്ത്യയിലെ സമ്പന്നമായ മസാലകളും സൗത്ത് ഇന്ത്യൻ രുചികളുമൊക്കെ ഇഴചേർന്ന വൈവിധ്യം കലർന്ന ഇന്ത്യൻ രുചികളാണ് റെയ്ന റെസ്റ്റോറന്റിന്റെ പ്രത്യേകത എന്ന് സുരേഷ് റെയ്ന പറയുന്നു. ഗുണമേന്മയും സർഗാത്മകതയുമൊക്കെ ഒത്തുചേർന്നവയായിരിക്കും റെസ്റ്റോറന്റിൽ വിളമ്പുന്ന ഭക്ഷണം എന്നും റെയ്ന പറയുന്നു.
നിരവധി പേരാണ് റെയ്നയുടെ കുറിപ്പിനു താഴെ കമന്റുകളുമായി എത്തിയത്. പുതിയ തുടക്കത്തിന് അഭിനന്ദനം അറിയിച്ച ഹർഭജൻ സിങ് അവിടെ ഭക്ഷണം കഴിക്കാൻ എത്തുമെന്നും കുറിച്ചു.
Post a Comment