കണ്ണൂരിൽ വീണ്ടും തെരുവുനായ്‌ ആക്രമണം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കടിച്ച് പറിച്ച് തെരുവുനായക്കൂട്ടം

(www.kl14onlinenews.com)
(Jun-19-2023)

കണ്ണൂരിൽ വീണ്ടും തെരുവുനായ്‌ ആക്രമണം: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ കടിച്ച് പറിച്ച് തെരുവുനായക്കൂട്ടം
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ്‌ ആക്രമണം. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണ് നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ആള്‍താമസമില്ലാത്ത ഒരു വീടിന്റെ കോമ്പൗണ്ടില്‍ വെച്ചാണ് ജാന്‍വിയെ നായ്ക്കൾ ആക്രമിച്ചത്.

നിലത്തു വീണ കുട്ടിയെ മൂന്നു നായ്ക്കള്‍ ചേര്‍ന്ന് കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയതോടെയാണ് നായ്ക്കള്‍ പിന്‍വാങ്ങിയത്. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസുകാരൻ നിഹാൽ മരിച്ചത്. തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്ത് നിന്ന് 31 തെരുവുനായ്ക്കളെ പിടികൂടിയിരുന്നു. നിഹാലിൻ്റെ മരണത്തിൻ്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മൂന്നാം ക്ലാസുകാരിയ്ക്കു നേരെ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.

Post a Comment

Previous Post Next Post