ആഷസ്; ആദ്യ ടെസ്റ്റിൽ ഓസിസിന് രണ്ട് വിക്കറ്റിന്റെ അവിസ്മരണീയ വിജയം

(www.kl14onlinenews.com)
(Jun-21-2023)

ആഷസ്; ആദ്യ ടെസ്റ്റിൽ ഓസിസിന് രണ്ട് വിക്കറ്റിന്റെ അവിസ്മരണീയ വിജയം
എഡ്ജ്ബാസ്റ്റണ്‍: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടിനോടുള്ള എഡ്ജ്ബാസ്റ്റണിലെ കടം ഓസ്ട്രേലിയ വീട്ടിയിരിക്കുന്നു. 2005ല്‍ ആഷസ് പരമ്പരയിരെ രണ്ടാം ടെസ്റ്റില്‍ ഇതേ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനോട് ഓസ്ട്രേലിയ തോറ്റത് രണ്ട് റണ്‍സിനായിരുന്നു. ഇന്നലെ അതേ വേദിയില്‍ രണ്ട് വിക്കറ്റിന്റെ അവിസ്മരണീയ വിജയവുമായാണ് ഓസ്ട്രേലിയ പകരം വീട്ടിയത്.

2005ലെ ആഷസ് പരമ്പരയില്‍ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 407 റണ്‍സടിച്ചപ്പോള്‍ ഓസ്ട്രേലിയക്ക് 308 റണ്‍സെ നേടാനായുള്ളഉ. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് 182 റണ്‍സിന് പുറത്തായി. വിജയലക്ഷ്യമായ 282 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 175-8ലേക്കും പിന്നാലെ 220-9ലേക്കും വീണ് തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഷെയ്ന്‍ വോണിന്‍റെയും(42), ബ്രെറ്റ് ലീയുടെയും(43*), മൈക്കല്‍ കാസ്പ്രപോവിച്ചിന്റെയും(20) പോരാട്ടവീര്യത്തിന്റെ കരുത്തില്‍ വിജയത്തിന് തൊട്ടടുത്ത് എത്തി.

എന്നാല്‍ വിജയത്തിന് രണ്ട് റണ്‍സകലെ സ്റ്റീവ് ഹാര്‍മിസണിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ മൈക്കല്‍ കാസ്പ്രോവിച്ച് ക്യാച്ച് നല്‍കി പുറത്തായതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തിലെ അവിസ്മരണീയ വിജയം സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണില്‍ ഓസീസ് കണ്ണീര്‍ വീണു. നാലു വിക്കറ്റെടുത്ത ആന്‍ഡ്ര്യു ഫ്ലിന്റോഫായിരുന്നു അന്ന് ഓസീസിനെ വീഴ്ത്തിയത്.

ഇന്നലെയും സ്ഥിതി സമാനമായിരുന്നു. വിജയലക്ഷ്യമായ 281 റണ്‍സിലേക്ക് ബാറ്റു വീശിയ ഓസ്ട്രേലിയക്ക് ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 207 റണ്‍സെ ഉണ്ടായിരുന്നുള്ളു. വിജയത്തിലേക്ക് പിന്നെയും 74 റണ്‍സ് ദൂരം. അലക്സ് ക്യാരിയും പാറ്റ് കമിന്‍സും പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും ജോ റൂട്ട് സ്വന്തം ബൗളിംഗില്‍ ക്യാരിയെ അവിസ്മരണീയ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഓസീസ് സ്കോര്‍ 227. ജയത്തിലേക്ക് പിന്നെയും വേണം 54 റണ്‍സ്.

എന്നാല്‍ നേഥന്‍ ലിയോണും പാറ്റ് കമിന്‍സും 2005 ആവര്‍ത്തിക്കാന്‍ തയാറായില്ല. ഇംഗ്ലീഷ് പേസര്‍മാരുടെ ബൗണ്‍സര്‍ യുദ്ധത്തെയും ബെന്‍ സ്റ്റോക്സിന്റെ തന്ത്രങ്ങളെയും അതിജീവിച്ച് ഇരുവരും ഓസീസിനെ അവിസ്മരണീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 44 റണ്‍സുമായി കമിന്‍സും 16 റണ്‍സുമായി ലിയോണും പുറത്താകാതെ നിന്നപ്പോള്‍ ഓസീസിന് സ്വന്തമായത് ആഷസിലെ എന്ന് മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അവിസ്മരണീയ ജയങ്ങളിലൊന്നായിരുന്നു.

Post a Comment

Previous Post Next Post