(www.kl14onlinenews.com)
(June-23-2023)
മംഗളൂരു: അമിത വേഗത്തിൽ ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കും എതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലിസ് കേസെടുത്തു. മംഗളൂരു-മുടിപ്പു റൂട്ടിൽ സർവീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവർ ത്യാഗരാജ്(49), കാസർകോട് വൊർക്കാടിയിലെ ഐശുമ്മ(63) എന്നിവർക്ക് എതിരെയാണ് കേസ്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തിൽ പെടുമായിരുന്ന സ്ത്രീയെ സമർഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാർ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. അതുവഴി വന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവർ ഇടത്തോട്ട് വെട്ടിച്ച് സഡൺ ബ്രേക്കിട്ടാണ് സ്ത്രീയെ രക്ഷിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഈ രംഗം പ്രചരിച്ചതോടെ ഡ്രൈവർക്ക് പ്രശംസയുമായി ആളുകൾ രംഗത്ത് വന്നു. അമിത വേഗത്തിൽ ബസോടിച്ചു എന്നത് ശരിയല്ലെന്ന് ത്യാഗരാജ് അവകാശപ്പെട്ടു. 25 വർഷമായി ഡ്രൈവറായ താൻ 19 വർഷമായി ഈ റൂട്ടിലാണ്. ബസ് സ്റ്റോപ്പ് എത്താറാവുമ്പോൾ അമിത വേഗത്തിൽ ഓടിക്കാനാവില്ല. നിരോധിത മേഖലയിൽ ഹോണടിച്ചു എന്നതാണ് കേസിന്നാധാരമായ മറ്റൊരു കുറ്റം. ആ സ്ത്രീയുടെ ജീവനായിരുന്നു അപ്പോൾ മുൻതൂക്കമെന്ന് ഡ്രൈവർ പറഞ്ഞു.
Post a Comment