ഒന്നു പൊരുതി നോക്കാതെ ഇന്ത്യ കീഴടങ്ങി; ഒരു തോൽവി; ഒട്ടേറെ ചോദ്യങ്ങൾ

(www.kl14onlinenews.com)
(Jun-12-2023)

ഒന്നു പൊരുതി നോക്കാതെ ഇന്ത്യ കീഴടങ്ങി; ഒരു തോൽവി; ഒട്ടേറെ ചോദ്യങ്ങൾ
ലണ്ടൻ :
ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ ഇന്ത്യ തോറ്റു എന്നത് മാറ്റിനിർത്തിയാൽ അഞ്ചാം ദിനം എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ നടന്നു. വിരാട് കോലിയും അജിൻക്യ രഹാനെയും ക്രീസിലുള്ളപ്പോൾ ഒരു സമനിലയെങ്കിലും നമ്മൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, കോലി പുറത്തായതോടെ എല്ലാം അവസാനിച്ചു.

ഓഫ് സ്റ്റംപിനു പുറത്തുള്ള കോലിയുടെ ദൗർബല്യം അറിയാവുന്ന ഓസ്ട്രേലിയൻ ബോളർമാർ അതിനനുസരിച്ചാണ് പന്തെറിഞ്ഞത്. അധികനേരം പിടിച്ചുനിൽക്കാൻ കോലിക്കുമായില്ല. മത്സരം രണ്ടാം സെഷനിലേക്ക് എത്തിക്കാൻ രഹാനെയ്ക്ക് സാധിക്കുമെന്ന് തോന്നിയെങ്കിലും അതും ഉണ്ടായില്ല.

വരുന്ന ആഷസിൽ നിർണായക ശക്തിയായി താൻ ഉണ്ടാകുമെന്ന് മികച്ച പ്രകടനത്തിലൂടെ സ്കോട്ട് ബോളണ്ട് തെളിയിച്ചു. ജോഷ് ഹെയ്സൽവുഡ് തിരിച്ചുവന്നാലും ബോളണ്ടിനെ ഒഴിവാക്കാൻ ഓസ്ട്രേലിയ തയാറാകുമോ എന്നു കണ്ടറിയണം.

തോല്‍വിയുടെ ‘ക്രെഡിറ്റ്’ രോഹിത്, ഗിൽ, പൂജാര, കോലി എന്നിവർക്ക്, ദയനീയം പ്രകടനം
തുടർച്ചയായി രണ്ടാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലും തോറ്റ് മടങ്ങുമ്പോൾ അതിന്റെ ‘ക്രെഡിറ്റ്’ ഇന്ത്യയുടെ ബാറ്റർമാർക്ക് അവകാശപ്പെട്ടതാണ്, പ്രത്യേകിച്ച് ടോപ് 4ന്. ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേത്വേശ്വർ പൂജാര, വിരാട് കോലി എന്നീ ടോപ് 4 ബാറ്റർമാരുടെ ദയനീയ പ്രകടനമാണ് ഈ ഫൈനലിൽ ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണം.

2 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകളിലായി 4 ഇന്നിങ്സ് വീതം ബാറ്റ് ചെയ്തിട്ടും ഇവർ 4 പേർക്കും ഒരു അർധ സെഞ്ചറി പോലും നേടാൻ സാധിച്ചിട്ടില്ല. ഇന്നലെ വിരാട് കോലി നേടിയ 49 റൺസാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടോപ് 4 ബാറ്റർമാരുടെ ഉയർന്ന സ്കോർ! പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡ് കിരീടം നേടിയപ്പോൾ ടോപ് ഫോറിലുള്ള ഡെവൻ കോൺവേയും (54) കെയ്ൻ വില്യംസണും (52*) യഥാക്രമം ഒന്നും രണ്ടും ഇന്നിങ്സുകളിൽ അർധ സെഞ്ചറി നേടിയിരുന്നു.

നാലാം നമ്പർ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിയുടെ (121) ബലത്തിലാണ് ഈ ഫൈനലിൽ ഓസ്ട്രേലിയ ശക്തമായ ഒന്നാം ഇന്നിങ്സ് സ്കോർ നേടിയത്. ദുർബലമായ മധ്യനിരയും അതിലും ദുർബലമായ വാലറ്റവുമായി ഫൈനൽ കളിക്കാനിറങ്ങുമ്പോൾ ടോപ് 4 ബാറ്റർമാരിൽ ആയിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 444 റൺസെന്ന വിജയലക്ഷ്യം 4–ാം ഇന്നിങ്സിൽ പിന്തുടർന്നു ജയിക്കുക ഏറക്കുറെ അസാധ്യമാണെന്ന ബോധ്യം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു.

എന്നാൽ, സമനില എന്ന സാധ്യത അപ്പോഴും വിദൂരമല്ലായിരുന്നു. പക്ഷേ, അതിനുള്ള ഒരു ശ്രമവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഒരു അനാവശ്യ സ്വീപ് ഷോട്ടിനു ശ്രമിച്ചാണ് രോഹിത് പുറത്തായതെങ്കിൽ കരിയറിൽ ഇതുവരെ ‘കളിക്കാത്ത’ അപ്പർ കട്ടിനുള്ള ശ്രമമാണ് പൂജാരയുടെ വിക്കറ്റ് കളഞ്ഞത്. ഓഫ് സ്റ്റംപിനു പുറത്തുള്ള നിരുപദ്രവകാരിയായ പന്തുകളെ തേടിപ്പിടിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താനുള്ള ത്വര കോലിയെയും മടക്കിയയച്ചു.

Post a Comment

Previous Post Next Post