മിനിറ്റുകളുടെ വ്യത്യാസത്തിൽ കൂട്ടിയിടി; 'കൈയും കാലും നഷ്ടപ്പെട്ടവർ, മുഖം തകർന്നവർ...'; ദുരന്തത്തിന്റെ കാഴ്ചകൾ ഓർത്തെടുത്ത് യാത്രികൻ

(www.kl14onlinenews.com)
(Jun-03-2023)

മിനിറ്റുകളുടെ വ്യത്യാസത്തിൽ കൂട്ടിയിടി;
'കൈയും കാലും നഷ്ടപ്പെട്ടവർ, മുഖം തകർന്നവർ...'; ദുരന്തത്തിന്റെ കാഴ്ചകൾ ഓർത്തെടുത്ത് യാത്രികൻ
ഭുവനേശ്വർ: ട്രെയിനിന്റെ റിസർവ്ഡ് കോച്ചിലും ജനറൽ കമ്പാർട്ട്മെന്റുപോലെ യാത്രക്കാരാൽ തിങ്ങിനിറഞ്ഞിരുന്നുവെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട യാത്രികൻ. അപകടം നടന്ന ഉടന്‍ കോച്ച് മറിയുകയായിരുന്നു. കണ്ണുതുറന്നുനോക്കുമ്പോൾ 10-15 പേർ തന്റെ മുകളിൽ കിടക്കുന്നുവെന്നും എങ്ങും നിലവിളികൾ മാത്രമായിരുന്നുവെന്നും യാത്രക്കാരൻ പറ‍ഞ്ഞു. മുഖം തകർന്നവരും കാലും കൈകളും നഷ്ടപ്പെട്ടവരുമായ ഒട്ടേറെ പേരെ കണ്ടുവെന്നും യാത്രക്കാരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പേരറിയാത്ത യാത്രക്കാരന്റെ കൈക്കും കഴുത്തിനും തോളിലും പരിക്കേറ്റു. റിസർവ്ഡ് കോച്ചായിരുന്നുവെങ്കിലും ഏതാണ്ട് ജനറൽ കമ്പാർട്ട്‌മെന്റിന് സമാനമായിരുന്നു അവസ്ഥ. അപകടം സംഭവിക്കുമ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി ഉണർന്നുവെന്നും 10 മുതൽ 15 വരെ ആളുകൾ തന്റെ മുകളിൽ ഉണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

അപകടം സംഭവിക്കുകയും കോച്ച് പാളം തെറ്റുകയും ചെയ്യുമ്പോൾ ഞാൻ മയങ്ങുകയായിരുന്നു. ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നു, എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ്, എന്റെ മുകളിൽ 10 മുതൽ 15 വരെ യാത്രക്കാർ കൂമ്പാരം പോലെ തന്റെ പുറത്തേക്ക് വീണു. റിസർവേഷൻ ആണെങ്കിലും ഒരു ജനറൽ കമ്പാർട്ട്മെന്റ് പോലെയുള്ള ഒരു ബോഗിയിലായിരുന്നു ഞങ്ങൾ. എന്റെ കൈകളിലും കഴുത്തിലും തോളിലും ഒരുപാട് വേദനയുണ്ട്. ബോഗിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞപ്പോൾ, കൈകാലുകൾ മുറിഞ്ഞതും തകർന്ന മുഖവുമായി നിരവധി ശരീരങ്ങൾ കിടക്കുന്നത് ഞാൻ കണ്ടു. പുറത്തിറങ്ങിയപ്പോൾ മുതൽ ഞാൻ ഇവിടെ ഇരിക്കുകയാണ്,” അദ്ദേഹം ഹിന്ദിയിൽ എഎൻഐയോട് പറഞ്ഞു.

ഒഡീഷയിൽ മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ മരണം 288 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടർന്ന് ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുർ- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിയുകയായിരുന്നു. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു. ബാലേശ്വര്‍ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം.

Post a Comment

أحدث أقدم