‘വന്ദേഭാരത് ഓടിക്കാനുള്ള തിരക്കിൽ മറന്ന സുരക്ഷാ കവച് സംവിധാനം’; അപകടത്തിന് വഴിവെച്ചത് സാ​ങ്കേതിക പ്രശ്നമോ മാനുഷിക പിഴവുകള?

(www.kl14onlinenews.com)
(Jun-03-2023)

‘വന്ദേഭാരത് ഓടിക്കാനുള്ള തിരക്കിൽ മറന്ന സുരക്ഷാ കവച് സംവിധാനം’; അപകടത്തിന് വഴിവെച്ചത് സാ​ങ്കേതിക പ്രശ്നമോ മാനുഷിക പിഴവുകള?

ബാലസോർ: ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ റയിൽവേ ആവിഷ്‌കരിച്ച സംവിധാനമായ ‘കവച്’ ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളില്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്കു നയിച്ചതെന്ന് വിലയിരുത്തൽ. ട്രെയിനുകളുടെ ഓരോ മിനിറ്റിലെയും യാത്ര കൃത്യമായി ഒരു കേന്ദ്രത്തിലിരുന്നു നിരീക്ഷിക്കാനും ഒരു മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരം അങ്ങോട്ടെത്തുന്ന മറ്റു ട്രെയിനുകൾക്കു ലഭ്യമാക്കാനും സഹായിക്കുന്ന സംവിധാനമാണ് ‘കവച്’. ഈ സംവിധാനം അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഉണ്ടായിരുന്നെങ്കിൽ 260 ലേറെ പേരുടെ ജീവനെടുത്ത വൻ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ പോലെ ട്രെയിൻ ഗതാഗതത്തിനു വലിയ പ്രാധാന്യമുള്ള രാജ്യത്ത് ഇത്തരം സുരക്ഷാ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ ചിന്തയിൽ നിന്നാണ് ‘കവച്’ സംവിധാനം രൂപപ്പെടുത്തിയതെങ്കിലും, അത് പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിൽ ഉണ്ടായ കാലതാമസമാണ് ഒഡീഷയിലെ അപകടത്തിനു കാരണമായതെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉയർത്തിക്കഴിഞ്ഞു. ഒഡീഷയിൽ അപകടമുണ്ടായ റൂട്ടിൽ ഈ സംവിധാനം ലഭ്യമായിരുന്നില്ലെന്നാണ് റെയിൽവേ വക്താവ് അമിതാഭ് ശർമ അറിയിച്ചത്.

ഇത്തരം വൻ അപകടങ്ങൾ നടന്നാൽ മാത്രമേ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും ഉണ്ടാകൂവെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശനം. വന്ദേഭാരത് പോലുള്ള അതിവേഗ, ആഡംബര ട്രെയിനുകൾ ഓടിക്കാനുള്ള തിരക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ സംവിധാനങ്ങളുടെ കാര്യം മറന്നുപോയെന്നും അവർ കുറ്റപ്പെടുത്തുന്നു.

∙ എന്താണ് കവച്?

ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ ഡിവൈസാണു കവച്. ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ ട്രെയിന്‍ സുരക്ഷാ സംവിധാനമെന്നും പറയാം. ദക്ഷിണ–മധ്യ റെയിൽവേയിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രെയിനുകള്‍ വന്നാല്‍ നിശ്ചിത ദൂരത്തിനുള്ളിൽ ഒാട്ടമാറ്റിക്കായി ബ്രേക് ചെയ്തു ട്രെയിനുകൾ നിർത്താൻ കഴിയുന്ന സംവിധാനമാണിത്. ഒരു ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ചാൽ മുന്നറിയിപ്പ് നൽകുകയും, അതേ ലൈനിൽ മറ്റൊരു ട്രെയിൻ വരുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ട്രെയിൻ ഒാട്ടമാറ്റിക്കായി നിർത്തുകയും ബ്രേക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.

∙ അപകടം ‘മണത്തറിയും’

ഒരേ പാതയില്‍ രണ്ടു ട്രെയിനുകൾ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്നല്‍ സംവിധാനമാണ് കവച്. അത്യാധുനിക സുരക്ഷാ സംവിധാനമായ എസ്‌ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. ഇതനുസരിച്ച് പിഴവു സംഭവിക്കാൻ സാധ്യത തീർത്തും വിരളം.

ഒരു ട്രെയിനിന്റെ ചലന വിവരങ്ങള്‍ തുടര്‍ച്ചയായി പുതുക്കപ്പെടുന്നതിലൂടെ, ഒരു ലോക്കോ പൈലറ്റ് സിഗ്‌നല്‍ തെറ്റിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഇതിന്റെ സവിശേഷത. സിഗ്‌നൽ സംവിധാനവുമായി ബന്ധപ്പെട്ട പിഴവുകളാണ് ട്രെയിൻ അപകടങ്ങളിൽ മിക്കപ്പോഴും വില്ലനാകുന്നത്. ഒഡീഷയിലെ ബാലസോറിൽ സംഭവിച്ചതും അത്തരമൊരു പിഴവായിരിക്കാം. ബാലസോറിൽ അപകട പരമ്പരയ്ക്കു തുടക്കം കുറിച്ച കോറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റാൻ കാരണം സിഗ്നൽ സംവിധാനവുമായി ബന്ധപ്പെട്ട മാനുഷിക പിഴവാണെന്നാണ് പ്രാഥമിക നിഗമനം.

∙ ബജറ്റിലും ഇടംപിടിച്ച് ‘കവച്’

‌‘ആത്മനിർഭർ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെടുത്തി 2022ലെ ബജറ്റിൽ ‘കവച്’ സംവിധാനവും ഇടംപിടിച്ചിരുന്നു. ആകെ 2000 കിലോമീറ്റർ റെയിൽ നെറ്റ്‌വർക്ക് ഈ സംവിധാനത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിയാണ് ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത്.

അതേസമയം, ഇന്ത്യൻ റെയിൽവേ ഏതാണ്ട് 68,043 കിലോമീറ്റർ നീണ്ടുകിടക്കുന്ന ട്രാക്കുകളുള്ള സംവിധാനമാണെന്ന് തൃണമൂൽ നേതാവ് സാകേത് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ കവച് നടപ്പാക്കിയത് 1445 കിലോമീറ്ററിൽ മാത്രമാണ്. അതായത് ആകെയുള്ള ട്രാക്കുകളുടെ 2 ശതമാനം മാത്രം. ബാക്കി 98 ശതമാനം ട്രാക്കുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ഈ സംവിധാനമില്ല.

∙ ‘കവചി’ൽ പിടിച്ച് പ്രതിപക്ഷം

വർഷങ്ങൾക്കു മുൻപുതന്നെ അവതരിപ്പിക്കപ്പെട്ട ഇത്തരമൊരു സുരക്ഷാ സംവിധാനം, റെയിൽവേയിൽ വ്യാപകമായി ഉപയോഗിക്കുന്നതിൽ വരുത്തിയ ഗുരുതരമായ കാലതാമസമാണ് ഇത്തരമൊരു അപകടത്തിനു പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയും ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തുണ്ട്.

കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ച സംവിധാനത്തോട് കുറ്റകരമായി മുഖം തിരിച്ച മോദി സർക്കാർ വരുത്തിവച്ച അപകടമാണ് ഇതെന്ന് സാകേത് ചൂണ്ടിക്കാട്ടുന്നു. 2011–12 കാലഘട്ടത്തിൽ മമതാ ബാനർജി റെയിൽവേ മന്ത്രിയായിരിക്കെയാണ് ‘ട്രെയിൻ കോളിഷൻ അവോയ്ഡൻസ് സിസ്റ്റം’ (ടിസിഎഎസ്) എന്ന പേരിൽ ഈ സംവിധാനം ആദ്യമായി വികസിപ്പിച്ചതെന്ന് സാകേത് ചൂണ്ടിക്കാട്ടി. എന്നാൽ, മോദി സർക്കാർ അധികാരമേറ്റ ശേഷം ‘പതിവുപോലെ’ ക്രെഡിറ്റ് തട്ടാനായി ഇതിന്റെ പേര് ‘കവച്’ എന്നാക്കി മാറ്റിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ച് ഏറെ നിർണായകമായ ഈ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് 2019 വരെ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് 2019ൽ കവച് സംവിധാനം നിർമിക്കാനും റെയിൽവേയിൽ സ്ഥാപിക്കാനുമായി മൂന്നു കമ്പനികൾക്ക് അനുമതി നൽകിയെന്നും ഗോഖലെ കുറിച്ചു. എന്നിട്ടും ഇതുവരെ സംവിധാനം നടപ്പാക്കിയത് 2 ശതമാനം ട്രാക്കുകളിൽ മാത്രം.

Post a Comment

أحدث أقدم