(www.kl14onlinenews.com)
(Jun-09-2023)
‘ദേവസ്വം വിജിലന്‍സ്’ എന്ന ബോർഡ് വെച്ച കാറിൽ രേഷ്മ പറന്നെത്തും, ജോലി തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 18 ലക്ഷം
തൃശൂർ: ആലത്തൂര്‍ സ്വദേശി രേഷ്മ രാജപ്പൻ ആള് ചില്ലറക്കാരിയല്ല. നിരവധി പേരിൽ നിന്നായി ഏകദേശം 18 ലക്ഷത്തോളമാണ് രേഷ്മ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് പേരാണ് രേഷ്മയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ യുവതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി 26 -കാരി രേഷ്മ രാജപ്പനെതിരേയാണ് ജോലി തട്ടിപ്പിനിരയായവര്‍ പരാതിയുമായി രംഗത്ത് വന്നത്.
കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ആലത്തൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോട്ടയത്തേക്ക് തിരികെ കൊണ്ടുപോയി. ആലത്തൂരില്‍ നിന്ന് മാത്രം ഇതുവരെ മൂന്ന് പരാതി ലഭിച്ചിട്ടുണ്ട്. വെങ്ങന്നൂര്‍ ആലക്കല്‍ ഹൗസില്‍ പ്രകാശന്റെ മകന്‍ പ്രവീഷില്‍ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂര്‍ ബാലന്റെ മകള്‍ മഞ്ജുഷയില്‍ നിന്ന് രണ്ടു തവണകളിലായി 5,50,000 രൂപയും ആലത്തൂര്‍ കുനിശ്ശേരി മുല്ലക്കല്‍ സുശാന്തില്‍ നിന്ന് 2,70,000 രൂപയുമാണ് യുവതി തട്ടിയെടുത്തത്.
2022 മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് ആലത്തൂര്‍ എസ് ഐ എസ്. അനീഷ് പറഞ്ഞു. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വെച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. വളരെ വിശ്വസനീയമായ രീതിയിലായിരുന്നു രേഷ്മയുടെ ഇടപാട്. ജോലി തട്ടിപ്പ് കൂടാതെ വിവാഹത്തട്ടിപ്പും രേഷ്മയ്ക്കെതിരെ ഉണ്ട്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്.
إرسال تعليق