(www.kl14onlinenews.com)
(Jun-08-2023)
കാസർകോട്: പഠനവഴിയിലൂടെ സഞ്ചരിച്ച് പുതിയ ലോകവും പുതിയ ജീവിതവും കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് ജില്ലയിലെ കൊറഗ കോളനിയില്‍ നിന്ന് 13 പേര്. അരികുവത്കരിക്കപ്പെട്ട കൊറഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയാണ് അവര്‍ക്ക് വഴി തെളിയിച്ചത്.
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചുമാസക്കാലമായി കൊറഗ വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18 മുതല്‍ 24 വരെ പ്രായപരിധിയിലുള്ള യുവതീ യുവാക്കളില്‍ നിന്നും തിരഞ്ഞെടുത്ത 13 പേര്‍ക്ക് സി.എന്‍.സി ഓപറേറ്റര്‍ വെര്‍ട്ടിക്കല്‍ മെഷീനിങ് സെൻറര്‍ കോഴ്സില്‍ പരിശീലനം നല്‍കിവരുകയായിരുന്നു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 13 പേര്‍ക്കും വിവിധ വ്യവസായ മേഖലയില്‍ തൊഴില്‍ ലഭിക്കുകയും ചെയ്തു. ജൂണ്‍ 12ന് ജോലിയില്‍ പ്രവേശിക്കും. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ജോലി ലഭിച്ചിട്ടുള്ളത്. ശമ്പളം ലഭിക്കുന്നതുവരെയുള്ള ചെലവിനായി ഓരോ ഉദ്യോഗാര്‍ഥിക്കും നിശ്ചിത തുക പട്ടിക വര്‍ഗ വികസന വകുപ്പ് നല്‍കും.
തലശ്ശേരി എന്‍.ടി.ടി.എഫ് കാമ്പസിലാണ് പരിശീലനം നല്‍കിയത്. സാങ്കേതിക പരിശീലനത്തോടൊപ്പം സോഫ്റ്റ് സ്കിലായ ഫലപ്രദമായ ആശയവിനിമയം, ഇംഗ്ലീഷിലുള്ള ആശയവിനിമയം, സഹകരണം, സമയ മാനേജ്മെൻറ്, തൊഴിലുടമകളുമായും ജീവനക്കാരുമായി എങ്ങനെ ഇടപഴകാം എന്നിവയും ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കിയത്.
ദിവസവും എട്ടുമണിക്കൂറാണ് പരിശീലന സമയം. കൂടാതെ വ്യവസായ നിലവാരമുള്ള വര്‍ക്ക്ഷോപ് സൗകര്യവും ഒരുക്കിയിരുന്നു. കോഴ്സുകള്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ജില്ലയില്‍ 11 തദ്ദേശസ്ഥാപനങ്ങളില്‍ 585 കുടുംബങ്ങളിലായി 1503 പേരാണ് കൊറഗ സമുദായത്തില്‍ ഉള്ളത്. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് കൊറഗ സമുദായത്തില്‍പ്പെട്ട ആളുകള്‍ ഉള്ളത്. വള്ളിച്ചെടികളും മുളകളും ഉപയോഗിച്ച് കൊട്ടകള്‍ നിര്‍മിച്ചാണ് ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
വിദ്യാസമ്പന്നരായ നിരവധി ആളുകള്‍ കൊറഗ സമുദായത്തില്‍ ഉണ്ടെന്നും നിരന്തരമായ ഇടപെടലുകളിലൂടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും ഈ മേഖലയിലുള്ളവരുടെ സാമൂഹിക പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ എം. മല്ലിക പറഞ്ഞു.
Post a Comment