ചരിത്രസ്മരണയില്‍ ഇന്ന് ലോക തൊഴിലാളി ദിനം 2023

(www.kl14onlinenews.com)
(01-May-2023)

ചരിത്രസ്മരണയില്‍ ഇന്ന് ലോക തൊഴിലാളി ദിനം
തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങൾക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികൾ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി ദിനത്തിൽ കരുത്തുപകരുന്ന പ്രതീക്ഷകൂടിയാണ്.
തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിൽ ചരിത്രഭൂമികയിൽ മാറ്റത്തിന്റെ അലയൊലികൾ തീർത്ത ദിവസം. മെയ് ഒന്ന് തൊഴിലാളിയുടെ ത്യാഗവും സഹനവും ക്ലേശവും നമ്മെ ഓർമപ്പെടുത്തുകയാണ്. 1886ൽ ചിക്കാഗോയിലെ എ.എം മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണയ്ക്ക് മുന്നിലാണ് ഓരോ തൊഴിലാളി ദിനവും ആചരിക്കപ്പെടുന്നത്. എട്ട് മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. 1889ൽ പാരീസിൽ ചേർന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോൺഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആചരിച്ചത് 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ്..
കാലമിത്ര മുന്നോട്ട് കുതിച്ചെങ്കിലും ഇന്നും തൊഴിലാളിക്ക് പൂർണനീതി കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ചൈനയും റഷ്യയും തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. അമേരിക്കയിൽ ആമസോൺ, സ്റ്റാർബക്‌സ് തുടങ്ങിയ കോർപറേറ്റ് കമ്പനിയിലെ തൊഴിലാളികൾ തങ്ങൾക്ക് തൊഴിൽ നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്ന അവസ്ഥയിലേക്കടക്കം എത്തി. നിർമിതബുദ്ധി ഉപയോഗിച്ചുള്ള തൊഴിലിടങ്ങൾ കൂടി എത്തുന്നു എന്ന പ്രതിസന്ധിയും തൊഴിലാളിക്ക് അതിജീവിക്കേണ്ട അവസ്ഥ. കോവിഡ് തീർത്ത പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവരും നിരവധി. മെയ് ദിനം ആഘോഷങ്ങളുടെ മാത്രം ദിവസമല്ല, വരാൻ പോകുന്ന ശക്തമായ സമരങ്ങളിലേക്കുള്ള മുന്നൊരുക്കത്തിന് ഊർജം പകരുന്ന ദിനാചരണം കൂടിയാണ്.

Post a Comment

Previous Post Next Post