അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം, കൈ കൊടുത്ത് സിദ്ധരാമയ്യയും ഡികെയും; ഇനി സത്യപ്രതിജ്ഞ

(www.kl14onlinenews.com)
(18-May-2023)

അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം, കൈ കൊടുത്ത് സിദ്ധരാമയ്യയും ഡികെയും; ഇനി സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി പദത്തെ ചൊല്ലി ദിവസങ്ങള്‍ നീണ്ടുനിന്ന പ്രതിസന്ധി പരിഹരിക്കാനായതിന്റെt ആശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യം സിദ്ധരാമയ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോള്‍ ഡികെ ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഡികെ കര്‍ണാടക പിസിസി അദ്ധ്യക്ഷനായി തുടരുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കും.

ഡല്‍ഹിയില്‍ നടന്ന ചര്‍ക്കകള്‍ക്കൊടുവില്‍ അനുനയമെന്നോണം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരേ കാറിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനെത്തിയത്. കെ സി വേണുഗോപാലിന്റെ വീട്ടിലാണ് ഇരുവരും ഇന്ന് ആദ്യം എത്തിയത്. പ്രഭാത ഭക്ഷണത്തിന് ശേഷമാണ് ഖാര്‍ഗെയെ കാണാന്‍ പുറപ്പെട്ടത്. കെ സി വേണുഗോപാലും രണ്‍ദീപ് സിങ് സുര്‍ജെവാലെയും കാറിലുണ്ടായിരുന്നു. നേതാക്കളെ സ്വീകരിച്ച ഖാര്‍ഗെ, ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് ഖാര്‍ഗെ ട്വീറ്റ് ചെയ്തു. 'കര്‍ണാടകയിലെ ജനങ്ങളുടെ ക്ഷേമം, പുരോഗതി, സാമൂഹിക നീതി തുടങ്ങിയവ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കര്‍ണാടകയിലെ 6.5 കോടി ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് ഉറപ്പുകള്‍ ഞങ്ങല്‍ നടപ്പാക്കും', ഖാര്‍ഗെ കുറിച്ചു.
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ഉച്ചയോടെ ബെംഗളൂരുവിലേക്ക് തിരിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ബെഗളൂരുവില്‍ നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Post a Comment

Previous Post Next Post