രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റിന്റെ ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീം കോടതി

(www.kl14onlinenews.com)
(12-May-2023)

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേറ്റിന്റെ ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീം കോടതി
ഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരിഷ് ഹസ്മുഖ് ഭായ് വര്‍മ്മ ഉള്‍പ്പെടെ ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സീനിയര്‍ സിവില്‍ ജഡ്ജി കേഡര്‍ ഓഫീസര്‍മാരായ രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശിപാര്‍ശയും സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തെ സ്ഥാനക്കയറ്റം നല്‍കാന്‍ കാണിച്ച അസാധാരണ തിടുക്കത്തെക്കുറിച്ച് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഹര്‍ജി കോടതി പരിഗണനയിലിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അസാധാരണമായി ഈ തിടുക്കം കോടതിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. തിടുക്കപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണെന്നും കോടതി പറഞ്ഞു. 'മെറിറ്റ്-കം-സിനിയോറിറ്റി പ്രിന്‍സിപ്പല്‍' പാലിക്കാതെയാണ് സ്ഥാനക്കയറ്റമെന്ന് ജസ്റ്റിസ് എം ആര്‍ ഷായും നിരീക്ഷിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

സീനിയോറിറ്റി മാത്രം പരിഗണിച്ചാണ് നിലവില്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നതെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമായി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'മെറിറ്റ്-കം-സീനിയോറിറ്റി പ്രിന്‍സിപ്പല്‍' പാലിച്ച് മാത്രമെ ജില്ലാ ജഡ്ജി നിയമനം നടത്താന്‍ പാടുള്ളുവെന്നാണ് റിക്രൂട്ട്‌മെന്റ് ചട്ടം. പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിര്‍ത്തിയുമാണ് നിയമനം നടത്തേണ്ടതെന്നാണ് 'മെറിറ്റ്-കം-സീനിയോറിറ്റി പ്രിന്‍സിപ്പല്‍'. ഈ മാനദണ്ഡങ്ങള്‍ക്കൊപ്പമാണ് സീനിയോറിറ്റി പരിഗണിക്കേണ്ടതെന്ന് ചട്ടം നിര്‍ദേശിക്കുന്നുണ്ട്.

Post a Comment

Previous Post Next Post