കര്‍ണാടകയില്‍ 67.95 ശതമാനം പോളിങ്; ശനിയാഴ്ച വോട്ടെണ്ണല്‍

(www.kl14onlinenews.com)
(10-May-2023)

കര്‍ണാടകയില്‍ 67.95 ശതമാനം പോളിങ്; ശനിയാഴ്ച വോട്ടെണ്ണല്‍

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 67.95 ശതമാനമാണ് പോളിങ്. പോളിങ് ശതമാനത്തിലെ ഇടിവ് രാഷ്ട്രീയ പാര്‍ട്ടികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍.
കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ കണ്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67.95 ശതമാനം മാത്രമാണ് പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4 % കുറവാണിത്. നഗര മേഖലകളില്‍ പോളിങ്ങ് കുറഞ്ഞപ്പോള്‍ ഗ്രാമങ്ങളില്‍ ജനം ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കാളികളായി.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് പലയിടങ്ങളിലും സമയപരിധി കഴിഞ്ഞാണ് അവസാനിച്ചത്. രാവിലെ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് ഉച്ച കഴിഞ്ഞാണ് സജീവമായത്. 58,282 പോളിങ് സ്റ്റേഷനുകളിലും തടസമില്ലാതെ പോളിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം. സംഘര്‍ഷ സാധ്യതയുള്ള 1200 പോളിങ്ങ് ബൂത്തുകളില്‍ സായുധ സേന സുരക്ഷ ഒരുക്കിയിരുന്നു.
അന്‍പത് ശതമാനം പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് നടന്നു. അതേസമയം പോളിങ് വര്‍ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌ക്കരിച്ച തന്ത്രങ്ങള്‍ പാളി. വാരാന്ത്യം ഒഴിവാക്കി ആഴ്ച്ചയുടെ മധ്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ പോളിങ് വര്‍ധിക്കും എന്നായിരുന്നു കണക്കുകൂട്ടല്‍.

Post a Comment

أحدث أقدم