മധ്‍വാളിന് അഞ്ച് റണ്ണിന് 5 വിക്കറ്റ്; ലക്നൗവിനെ 81 റൺസിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന്

(www.kl14onlinenews.com)
(24-May-2023)

മധ്‍വാളിന് അഞ്ച് റണ്ണിന് 5 വിക്കറ്റ്; ലക്നൗവിനെ 81 റൺസിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന്
ചെന്നൈ :ഐപിഎൽ 16–ാം സീസണിലെ രണ്ടാം ക്വാളിഫയറിൽ ഇക്കുറി പാണ്ഡ്യ സഹോദരൻമാരുടെ പോരാട്ടമില്ല. ഉത്തരാഖണ്ഡുകാരൻ ആകാശ് മധ്‌വാൾ ലക്നൗ സൂപ്പർ ജയന്റ്സിനു മേൽ ഇടിത്തീ വർഷിച്ച എലിമിനേറ്റർ പോരാട്ടത്തിൽ, അനായാസ ജയവുമായി മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. ലക്നൗ താരങ്ങൾ നിരുത്തരവാദപരമായ ബാറ്റിങ്ങിലൂടെ നിരാശപ്പെടുത്തിയ മത്സരത്തിൽ, 81 റൺസിനാണ് മുംബൈ ജയിച്ചുകയറിയത്.

3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മധ്‌വാളാണ് മുംബൈയുടെ വിജയശിൽപി. ഏറ്റവും കുറവ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബോളർമാരിൽ മധ്‌വാൾ സാക്ഷാൽ അനിൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്തി. ഐപിഎൽ പ്ലേ ഓഫുകളിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡും ഇനി മധ്‌വാളിനു സ്വന്തം.

വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ, മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ള മുംബൈ, ഇത്തവണ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇതുവരെ കളിച്ച 2 സീസണിലും പ്ലേ ഓഫിലെത്തിയ ലക്നൗ ആകട്ടെ, കഴിഞ്ഞ തവണ ബാംഗ്ലൂരിനോടു തോറ്റു മടങ്ങിയതിനു സമാനമായി ഇത്തവണ മുംബൈയോടും തോറ്റ് പുറത്തായി.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 182 റൺസ്. മറുപടി ബാറ്റിങ്ങിൽ അമ്പേ തകർന്നുപോയ ലക്നൗ, 21 പന്തുകൾ ബാക്കിനിൽക്കെ 101 റൺസിന് എല്ലാവരും പുറത്തായി. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ നിരയിൽ 20 റൺസ് കടന്നത് ഒരാൾ മാത്രം. അവസാന എട്ടു വിക്കറ്റുകൾ വെറും 32 റൺസിനിടെയാണ് അവർ നഷ്ടമാക്കിയത്. മാത്രമല്ല, ലക്നൗ താരങ്ങളായ മാർക്കസ് സ്റ്റോയ്നിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ എന്നിവർ റണ്ണൗട്ടുമായി.
27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് ലക്നൗവിന്റെ ടോപ് സ്കോറർ. സ്റ്റോയ്നിസിനു പുറമെ ലക്നൗ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ കൈൽ മയേഴ്സ് (13 പന്തിൽ മൂന്നു ഫോറുകൾ സഹിതം 18), ദീപക് ഹൂഡ (13 പന്തിൽ ഒരു സിക്സ് സഹിതം 15) എന്നിവർ മാത്രം. ഓപ്പണർ പ്രേരക് മങ്കാദ് (ആറു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ (11 പന്തിൽ എട്ട്), ആയുഷ് ബദോനി (ഏഴു പന്തിൽ ഒന്ന്), നിക്കോളാസ് പുരാൻ (പൂജ്യം), കൃഷ്ണപ്പ ഗൗതം (മൂന്നു പന്തിൽ രണ്ട്), രവി ബിഷ്ണോയ് (ആറു പന്തിൽ മൂന്ന്), മൊഹ്സിൻ ഖാൻ (0) എന്നിവരെല്ലാം പൂർണമായും നിരാശപ്പെടുത്തി.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പിന്നർമാരുടെ മേധാവിത്തമാണ് പ്രവചിക്കപ്പെട്ടതെങ്കിലും, ഇരു ടീമുകളിലും കളംനിറഞ്ഞത് പേസർമാർ. ആകാശ് മധ്‌വാൾ 3.3 ഓവറിൽ അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി മുംബൈയെ മുന്നിൽനിന്ന് നയിച്ചു. പിയൂഷ് ചൗള നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോർദാൻ രണ്ട് ഓവറിൽ ഏഴു റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് ലക്നൗ താരങ്ങൾ റണ്ണൗട്ടായി.

∙ മുംബൈയെ തോളേറ്റി ഗ്രീൻ, സൂര്യ

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിൽ ഒറ്റ അർധസെഞ്ചറി പോലുമില്ലാതെ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണ് മുംബൈയുടേത്.

യഷ് ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം 14 റൺസടിച്ച നേഹൽ വധേരയാണ് മുംബൈ സ്കോർ 180 കടത്തിയത്. 23 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ഓസ്ട്രേലിയൻ താരം കാമറോൺ ഗ്രീനാണ് മുംബൈയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 33 റൺസെടുത്തും പുറത്തായി. മൂന്നാം വിക്കറ്റിൽ ഗ്രീൻ – സൂര്യ സഖ്യം 38 പന്തിൽ അടിച്ചുകൂട്ടിയ 66 റൺസാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. അനായാസം 200 കടക്കുമെന്ന് ഉറപ്പിച്ച മുംബൈയ്ക്ക്, ഒറ്റ ഓവറിൽ ഇരുവരെയും പുറത്താക്കിയ നവീൻ ഉൾ ഹഖാണ് മൂക്കുകയറിട്ടത്.

മുംബൈയ്ക്കായി നേഹൽ വധേര (12 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 23), തിലക് വർമ (22 പന്തിൽ രണ്ടു സിക്സുകളോടെ 26), ഓപ്പണർ ഇഷാൻ കിഷൻ (12 പന്തിൽ മൂന്നു ഫോറുകളോടെ 15), ക്യാപ്റ്റൻ രോഹിത് ശർമ (10 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11), ടിം ഡേവിഡ് (13 പന്തിൽ ഒരു ഫോർ സഹിതം 13) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പൂർണമായും നിരാശപ്പെടുത്തിയത് ഏഴു പന്തിൽ നാലു റൺസെടുത്ത് പുറത്തായ ക്രിസ് ജോർദാൻ മാത്രം.

നാല് ഓവറിൽ 38 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖ് തന്നെ ലക്നൗ ബോളിങ്ങിന്റെ കുന്തമുന. യാഷ് ഠാക്കൂർ നാല് ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മൊഹ്സിൻ ഖാൻ മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 19–ാം ഓവറിൽ ആറു റൺസ് മാത്രം വിട്ടുകൊടുത്ത് ക്രിസ് ജോർദാനെ പുറത്താക്കിയ മൊഹ്സിന്‍ ഖാന്റെ പ്രകടനം ശ്രദ്ധേയമായി. ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 38 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. നാല് ഓവറിൽ 30 റൺസ് വിട്ടുകൊടുത്ത രവി ബിഷ്ണോയിക്കും വിക്കറ്റില്ല.

ഐപിഎലിലെ അരങ്ങേറ്റ സീസണിൽ 400ലധികം റൺസ് നേടിയ ഓസീസ് താരങ്ങൾ

616 - ഷോൺ മാർഷ് (പ‍ഞ്ചാബ് കിങ്സ്, 2008)
472 - ഷെയ്ൻ വാട്സൻ (രാജസ്ഥാൻ റോയൽസ്, 2008)
436 - ആദം ഗിൽക്രിസ്റ്റ് (ഡെക്കാൻ ചാർജേഴ്സ്, 2008)
422 - കാമറോൺ ഗ്രീൻ (മുംബൈ ഇന്ത്യൻസ്, 2023)

ചെപ്പോക്കിൽ ഈ സീസണിൽ നേഹൽ വധേരയുടെ പ്രകടനം

64(51) ചെന്നൈയ്‌ക്കെതിരെ
23(12) ലക്നൗവിനെതിരെ

ലക്നൗ താരങ്ങളുടെ മികച്ച ബോളിങ് പ്രകടനം

5/14 - മാർക്ക് വുഡ്, ഡൽഹിക്കെതിരെ ഡൽഹിയിൽ, 2023
4/16 - മൊഹ്സിൻ ഖാൻ, ഡൽഹിക്കെതിരെ മുംബൈയിൽ, 2022
4/24 - ആവേശ് ഖാൻ, സൺറൈസേഴ്സിനെതിരെ മുംബൈയിൽ, 2022
4/37 - യാഷ് ഠാക്കൂർ, പഞ്ചാബിനെതിരെ മൊഹാലിയിൽ, 2023
4/38 - നവീൻ ഉൾ ഹഖ്, മുംബൈയ്‌ക്കെതിരെ ചെന്നൈയിൽ, ഇന്ന്
∙ ഐപിഎലിലെ അരങ്ങേറ്റ സീസണിൽ 400ലധികം റൺസ് നേടിയ ഓസീസ് താരങ്ങൾ

616 - ഷോൺ മാർഷ് (പ‍ഞ്ചാബ് കിങ്സ്, 2008)
472 - ഷെയ്ൻ വാട്സൻ (രാജസ്ഥാൻ റോയൽസ്, 2008)
436 - ആദം ഗിൽക്രിസ്റ്റ് (ഡെക്കാൻ ചാർജേഴ്സ്, 2008)
422 - കാമറോൺ ഗ്രീൻ (മുംബൈ ഇന്ത്യൻസ്, 2023)

∙ 9–ാം തവണ ടോസ്, ആദ്യമായി ബാറ്റിങ്

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 16–ാം സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. മുംബൈ നിരയിൽ ഒരു മാറ്റമുണ്ട്. കുമാർ കാർത്തികേയയ്ക്കു പകരം ഹൃതിക് ഷൊക്കീൻ ടീമിലെത്തി. ലക്നൗ നിരയിൽ ദീപക് ഹൂഡ, യഷ് ഠാക്കൂർ എന്നിവരും ടീമിൽ ‍ഇടംപിടിച്ചു. ഈ സീസണിൽ ഒൻപതാം തവണയാണ് മുംബൈ ടോസ് നേടുന്നത്. അതിൽ ബാറ്റിങ് തിരഞ്ഞെടുക്കുന്നത് ആദ്യവും.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം പ്ലേഓഫ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടും. തോൽക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ഹാർദിക് പാണ്ഡ്യ നയിക്കുന്ന നിലവിലെ ചാംപ്യൻമാര്‍ കൂടിയായ ഗുജറാത്ത് ടൈറ്റൻസാണ്. ഒന്നാം ക്വാളിഫയറിൽ അവർ ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റിരുന്നു.

Post a Comment

أحدث أقدم