ബംഗളൂരു കാണാനുള്ള കുടുംബയാത്ര ദുരന്തയാത്രയായി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം

(www.kl14onlinenews.com)
(22-May-2023)

ബംഗളൂരു കാണാനുള്ള കുടുംബയാത്ര ദുരന്തയാത്രയായി;
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം ധനസഹായം
ബംഗളൂരു: കർണാടകയിൽ നിർത്താതെ പെയ്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ കുടുങ്ങി ടെക്കി മരിച്ച സംഭവം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 22 കാരിയായ ഭാനുരേഖ എന്ന ടെക്കിയാണ് വെള്ളത്തിൽ കാർ മുങ്ങി മരിച്ചത്. ഇൻഫോസിസിലെ സോഫ്റ്റ്​വെയർ എഞ്ചിനീയറാണ്. ഞായറാഴ്ച കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ ഭാനു രേഖ. കാറിൽ ഭാനുരേഖ കൂടാതെ, ഡ്രൈവറുൾപ്പെട അഞ്ചുപേരുണ്ടായിരുന്നു. കെ.ആർ അടിപ്പാതയിലയൂടെ കാർ പോകുമ്പോഴാണ് വെള്ളത്തിൽ മുങ്ങി​പ്പോയത്.

കുടുംബത്തോടൊപ്പം ബംഗളൂരു സന്ദർശിക്കാനായി എത്തിയതായിരുന്നു ഭാനുരേഖ. എന്നാൽ യാത്ര ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

യാത്രയുടെ തുടക്കത്തിൽ തന്നെ മഴയുണ്ടായിരുന്നു. അടിപ്പാതയില കണ്ടിരുന്നെങ്കിലും അത് മുറിച്ചുകടക്കാൻ സാധിക്കുമെന്ന് ചിന്തിച്ച് ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയായിരുന്നു. എന്നാൽ നിർത്താതെ പെയ്ത മഴ മൂലം വെള്ളം അതി വേഗം ഉയരുകയും ആളുകൾ മുങ്ങുന്ന തരത്തിലേക്ക് വെള്ളപ്പൊക്കം രൂക്ഷമാവുകയുമായിരുന്നു. അടിപ്പാതയുടെ നടുവിലെത്തിയതോടെ കാർ മുങ്ങി. കാറിലുള്ളവർ നിലവിളിച്ചുകൊണ്ട് രക്ഷപ്പെടുന്നതിനായി സഹായം തേടി.

സമീപത്തെ നാട്ടുകാർ സ്ഥലത്തെത്തി കയറും സാരിയുമുൾപ്പെടെ ഇട്ടുകൊടുത്ത് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് രക്ഷാപ്രവർത്തകരെത്തി രണ്ടുപേരെ നീന്തികരക്കെത്തിക്കുകയും മറ്റുള്ളവരെ കോണിയിലൂടെ മുകളിലെത്തിക്കുകയുമായിരുന്നു.

എല്ലാവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഭാനുരേഖ മരിച്ചിരുന്നു.

സംഭവമറിഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ ഇവരെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചികിത്സയിലുള്ളവർക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Post a Comment

أحدث أقدم