ജന്തര്‍മന്തറില്‍ പൊലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടി; 'മദ്യപിച്ചെത്തി ബലപ്രയോഗം' നടത്തിയെന്ന് ആരോപണം

(www.kl14onlinenews.com)
(04-May-2023)

ജന്തര്‍മന്തറില്‍ പൊലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടി; 'മദ്യപിച്ചെത്തി ബലപ്രയോഗം' നടത്തിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം. മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസുകാര്‍ മര്‍ദിച്ചു, വനിതാ റെസ്ലിംഗ് താരങ്ങളോട് മോശമായി പെരുമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളും താരങ്ങള്‍ ഉയര്‍ത്തി. പകല്‍ മുഴുവന്‍ പെയ്ത മഴയില്‍ സമരവേദിയിലെ കിടക്കകള്‍ നശിച്ചിരുന്നു. ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

നിരവധി താരങ്ങളുടെ തലയില്‍ ഇടിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ബോധരഹിതനായി വീണ ഒരാളെ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം ആരോപണം നിഷേധിച്ച പൊലീസ് സംഘര്‍ഷത്തിന് തുടക്കമിട്ടത് പ്രതിഷേധക്കാരാണെന്നും ആരോപിച്ചു.

ആംആദ്മി പാര്‍ട്ടിയാണ് സമരക്കാര്‍ക്ക് കിടക്കകളുമായി എത്തിയത്. എന്നാല്‍ ആറ് മണിക്ക് ശേഷം ജന്തര്‍മന്തറിലേക്ക് പുറത്ത് നിന്നും ആളുകള്‍ക്ക് പ്രവേശനമില്ല. നേതാക്കള്‍ കടന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ജന്തര്‍ മന്തറിലേക്ക് അനുമതിയില്ലാതെ സോമനാഥ് ഭാരതി കിടക്കകളുമായി എത്തിയെന്നും ഇവ ട്രക്കില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായെന്നും പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന്, ചെറിയ തര്‍ക്കമുണ്ടാവുകയും സോമനാഥ് ഭാരതിയെയും മറ്റ് 2 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. തന്നെ പൊലീസ് തടവിലാക്കിയെന്ന് സോമനാഥ് ഭാരതി ആരോപിച്ചു.

Post a Comment

أحدث أقدم