ശമ്പള പ്രതിസന്ധി: കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്

(www.kl14onlinenews.com)
(12-May-2023)

ശമ്പള പ്രതിസന്ധി: കെഎസ്ആര്‍ടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം:
ശമ്പള വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് സംസ്ഥാന ധനവകുപ്പ് 30 കോടി രൂപ കൂടി അനുവദിച്ചു. ഈ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം നല്‍കാന്‍ 50 കോടി രൂപയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ കോര്‍പറേഷന്‍ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്.

കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായുള്ള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് നിലപാട് അറിയിക്കുകയായിരുന്നു. ഏപ്രില്‍ മാസത്തിലെ രണ്ടാം ഗഡു ശമ്പളം നല്‍കാന്‍ ധനവകുപ്പ് കനിയണമെന്ന് ഗതാഗതമന്ത്രി യൂണിയന്‍ നേതാക്കളെ അറിയിച്ചിരുന്നു. 50 കോടിയാണ് സര്‍ക്കാരിനോട് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതെങ്കിലും ധനവകുപ്പ് കനിഞ്ഞ് അനുവദിച്ചതാണ് 30 കോടി രൂപ. ശമ്പളം മൊത്തമായി ഒറ്റ ഗഡുവായി നല്‍കണമെന്ന നിലപാടിലാണ് തൊഴിലാളികള്‍. ഇതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ സമരം തുടരുമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും അറിയിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post