നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂ; പ്രധാനമന്ത്രി മോദിയോട് താക്കറെയുടെ അപേക്ഷ

(www.kl14onlinenews.com)
(12-May-2023)

നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂ; പ്രധാനമന്ത്രി മോദിയോട് താക്കറെയുടെ അപേക്ഷ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷയുമായി ഉദ്ധവ് താക്കറെ. നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂവെന്ന് താക്കറെ മോദിയോട് ആവശ്യപ്പെട്ടു. വ്യക്തമായ കാരണങ്ങളില്ലാതെ ഗവർണർ ഭഗത് സിങ് കോഷിയാരി ഉദ്ധവ് സർക്കാരിനെ വിശ്വാസവോട്ടെടുപ്പിനു ക്ഷണിച്ചതു തെറ്റാണെന്ന് സുപ്രീം കോടതി വിധിപ്രസ്താവനത്തിനു പിന്നാലെയാണ് താക്കറെയുടെ ആവശ്യം.

നിലവിലെ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നിയമപരമാണോ അല്ലയോ എന്ന ചോദ്യമുണ്ട്. സ്പീക്കർമാരുടെ തിരഞ്ഞെടുപ്പിന്റെ നിയമസാധുത സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു.

ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പു നേരിടാതെ രാജിവച്ചൊഴിഞ്ഞതിനാലാണ് പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായല്ല ഗവർണർ അധികാരം ഉപയോഗിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിട്ടില്ല. വിശ്വാസ വോട്ടെടുപ്പിന് സഭാസമ്മേളനം വിളിക്കാൻ ഗവർണർക്ക് മതിയായ കാരണം വേണം. പാർട്ടിയിലെ ആഭ്യന്തര തർക്കം പരിഹരിക്കാൻ വിശ്വാസ വോട്ടെടുപ്പ് ഉപയോഗിക്കാൻ പാടില്ല. ഒരു വിഭാഗത്തിന്റെ പ്രമേയത്തെ ഗവർണർ മുഖവിലയ്ക്കെടുക്കാൻ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ഗവർണർ കണക്കാക്കിയത് തെറ്റ്. വേണമെങ്കിൽ ഫഡ്നാവിസിന് അവിശ്വാസ പ്രമേയം കൊണ്ടുവരാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ശിവസേനയിലെ പിളര്‍പ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.

Post a Comment

أحدث أقدم